പാലക്കാട് : വടക്കഞ്ചേരിയിൽ മനുഷ്യക്കടത്ത് സംഘം അറസ്റ്റിൽ. ജോലി വാഗ്ദാനം ചെയ്തു യുവതികളെ തമിഴ്‌നാട്ടിൽ എത്തിച്ച് വിൽപ്പന നടത്തുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്. തട്ടിപ്പിനിരയായ യുവതിയുടെ ഭർത്താവിന്റെ പരാതിയിലാണ് അറസ്റ്റ്.
2023 ജൂലൈ 28ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ വടക്കഞ്ചേരി പൊലീസ് അന്വേഷണം ആരംഭിക്കുകയും തുടർന്ന് തമിഴ്‌നാട്ടിൽ വെച്ച് യുവതിയെ കണ്ടെത്തുകയും ഇവരെ വിശദമായ കൗൺസിലിംഗിന് വിധേയയാക്കുകയും ചെയ്തതിന് പിന്നാലെയാണ് മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.
വീട്ടുജോലി വാഗ്ദാനം ചെയ്ത് യുവതികളെ തമിഴ്‌നാട്ടിലെത്തിച്ച് വിൽപ്പന നടത്തിയിരുന്ന നാലംഗ സംഘമാണ് വടക്കഞ്ചേരി പൊലീസിന്റെ പിടിയിലായത്.വീട്ടുജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് 40,000 രൂപ യുവതിക്ക് അഡ്വാൻസ് നൽകിയെന്നും, തമിഴ്‌നാട് എത്തിയപ്പോൾ മറ്റൊരു യുവാവിന് തന്നെ വിൽപ്പന നടത്തിയെന്നും യുവതി പോലീസിനു മൊഴി നൽകി. മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത വടക്കഞ്ചേരി സ്വദേശി മണി, മുഹമ്മദ് കുട്ടി എന്നിവർക്കൊപ്പം, ഏജന്റുമാരായി പ്രവർത്തിച്ച വടക്കഞ്ചേരി സ്വദേശിനി ബൽക്കീസ്, ഗോപാലൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
പാവപ്പെട്ട കുടുംബങ്ങളിലെ യുവതികളെയാണ് സംഘം തട്ടിപ്പിനായി തെരഞ്ഞെടുത്തിരുന്നതെന്നും, കൂടുതൽ യുവതികൾ സംഘത്തിന്റെ കെണിയിൽ അകപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് കൂടുതൽ പേർക്ക് മനുഷ്യക്കടത്തിൽ പങ്കുണ്ടെന്ന് വ്യക്തമായിട്ടുണ്ടെന്നും ഇവർക്കായി അന്വേഷണം ആരംഭിച്ചതും പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ ആലത്തൂർ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.

