ന്യൂ ഡൽഹി : സഹോദരിമാരും പെൺമക്കളും എല്ലാ വെല്ലുവിളികളും ധൈര്യത്തോടെ അഭിമുഖീകരിച്ച് മുന്നോട്ടുപോകണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു . ഇന്ന് സ്ത്രീകൾ രാജ്യത്തിന് വേണ്ടിയുള്ള വികസനത്തിലും സേവനത്തിലും എല്ലാ മേഖലകളിലും വിപുലമായ സംഭാവനകൾ നൽകുകയും രാജ്യത്തിന്റെ അഭിമാനം വർധിപ്പിക്കുകയും ചെയ്യുന്നു. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് അവരുടെ പങ്കാളിത്തം സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിൽ ഇന്ന് നമ്മുടെ സ്ത്രീകൾ അത്തരം നിരവധി മേഖലകളിൽ സ്ഥാനം നേടിയിട്ടുണ്ടെന്നും സ്ത്രീശാക്തീകരണത്തിന് മുൻഗണന നൽകുമെന്നും ദ്രൗപതി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
വികസന ലക്ഷ്യങ്ങളും മാനുഷിക സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യയ്ക്ക് പ്രധാന പങ്കെന്ന് രാഷ്ട്രപതി വിലയിരുത്തി. ജി 20 ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തെയും പ്രതിനിധീകരിക്കുന്നു. ആഗോള മുൻഗണനകൾ ശരിയായ ദിശയിൽ നേടാനുള്ള സവിശേഷ അവസരമാണിത്. രാജ്യം വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ശ്രദ്ധേയമായ ജിഡിപി വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ദുഷ്കരമായ സമയങ്ങളിൽ പ്രതിരോധശേഷിയുള്ളതായി തെളിയിക്കുകയും മറ്റുള്ളവർക്ക് പ്രതീക്ഷയുടെ ഉറവിടമായി മാറുകയും ചെയ്തു. കഴിഞ്ഞ ദശകത്തിൽ ധാരാളം ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ കഴിഞ്ഞു. ഗോത്ര സഹോദരങ്ങൾ പാരമ്പര്യങ്ങളെ സമ്പന്നമാക്കുന്നതിനൊപ്പം ആധുനികത സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.
ചന്ദ്രയാൻ മൂന്നിനെക്കുറിച്ചും രാഷ്ട്രപതി സ്വാതന്ത്ര്യദിന സന്ദേശത്തിൽ പരാമർശിച്ചു. ബഹിരാകാശത്ത് നമ്മുടെ ഭാവി പരിപാടികൾക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ് ചാന്ദ്ര ദൗത്യം. നമുക്ക് ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്. ഗവേഷണം, നവീകരണം, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 50,000 കോടി രൂപ ചെലവിട്ട് സർക്കാർ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ സ്ഥാപിക്കുന്നു. ഈ ഫൗണ്ടേഷൻ നമ്മുടെ കോളേജുകളിലും സർവ്വകലാശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും ഗവേഷണവും വികസനവും പ്രോത്സാഹിപ്പിക്കും. അന്താരാഷ്ട്ര സൗരോർജ്ജ പ്രചാരണത്തിന് ഇന്ത്യ നേതൃത്വം നൽകി. പരിസ്ഥിതിക്ക് വേണ്ടിയുള്ള ജീവിതശൈലി ലോക സമൂഹത്തിന് നൽകിയത് ഇന്ത്യയാണെന്നും രാഷ്ട്രപതി വിലയിരുത്തി.
ഭരണഘടനാപരമായ അടിസ്ഥാന കടമകൾ നിറവേറ്റാനും വ്യക്തിപരവും കൂട്ടായതുമായ പ്രവർത്തനങ്ങളുടെ എല്ലാ മേഖലകളിലും മികവിലേക്ക് നീങ്ങാൻ നിരന്തരമായ ശ്രമങ്ങൾ നടത്താനും നമുക്കെല്ലാവർക്കും പ്രതിജ്ഞയെടുക്കാംമെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം തുടർച്ചയായി പുരോഗമിക്കുമ്പോൾ കഠിനാധ്വാനത്തിന്റെയും നേട്ടങ്ങളുടെയും പുതിയ ഉയരങ്ങൾ കൈവരിക്കും. നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക പിതാക്കന്മാരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ സൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തിൽ നമുക്ക് മുന്നോട്ട് പോകാമെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു

