മുംബൈ: തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു പാർട്ടിക്ക് തെരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കാമെന്നും എന്നാൽ പാർട്ടിയുടെ പേര് മാറ്റാൻ അധികാരമില്ലെന്നും ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ പര്യടനത്തിനിടെ അമരാവതി ജില്ലയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പരാമർശം.
‘ശിവസേന’ എന്ന പേര് തൻ്റെ മുത്തച്ഛൻ (കേശവ് താക്കറെ) നൽകിയതാണെന്നും അത് ‘മോഷ്ടിക്കാൻ’ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വർഷം ഫെബ്രുവരിയിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് തെരഞ്ഞെടുപ്പ് കമ്മീഷൻ ‘ശിവസേന’ എന്ന പേരും തെരഞ്ഞെടുപ്പ് ചിഹ്നമായ അമ്പും വില്ലും അനുവദിച്ചിരുന്നു.
2019-ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ഉദ്ധവ് താക്കറെ ഭാരതീയ ജനതാ പാർട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് എൻസിപിയുടെയും കോൺഗ്രസിന്‍റെയും സഹായത്തോടെ മഹാ വികാസ് അഘാഡി (എംവിഎ) സർക്കാർ രൂപീകരിച്ചത്. കഴിഞ്ഞ വർഷം ജൂണിൽ താക്കറെയുമായി പിരിഞ്ഞ ശേഷം ഷിൻഡെ ബിജെപിയുമായി സഖ്യമുണ്ടാക്കുകയും സർക്കാർ രൂപീകരിക്കുകയും ചെയ്തു.
അതേസമയം, അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ നേരിടാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കാനുള്ള ശ്രമത്തെ ചിലർ കുറച്ചു കാണുന്നതായും എന്നാൽ ഇതിന്‍റെയെല്ലാം വ്യക്തമായ ചിത്രം വരും ദിവസങ്ങളിൽ അറിയാൻ കഴിയുമെന്നും താക്കറെ പറഞ്ഞു.
“ഞാൻ ഇതിനെ പ്രതിപക്ഷ പാർട്ടികളുടെ ഐക്യം മാത്രമായി കാണില്ല, അല്ലെങ്കിൽ പ്രതിപക്ഷ ഐക്യം എന്ന് വിളിക്കില്ല, പക്ഷേ, ഞങ്ങൾ എല്ലാവരും രാജ്യസ്നേഹികളാണ്, ജനാധിപത്യത്തിനു വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്. സ്വന്തം രാജ്യത്തെ സ്നേഹിക്കുന്ന ജനങ്ങളുടെ ഐക്യമാണിത്“, താക്കറെ പറഞ്ഞു.

