ആർട്ടിക്കിൾ 370 റദ്ദാക്കിയതുപോലെ എളുപ്പമല്ല ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതെന്ന മുന്നറിയിപ്പുമായി ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി നേതാവ്ച്ച് ഗുലാം നബി ആസാദ്. യുസിസി നടപ്പാക്കുന്നത് എല്ലാ മതങ്ങളെയും ബാധിക്കും. മുസ്ലീങ്ങൾ മാത്രമല്ല, ക്രിസ്ത്യൻ, സിഖ്,ആദിവാസി,ജൈൻ , പാഴ്സി വിഭാഗങ്ങളെ ബാധിക്കും. ഒറ്റയടിക്ക്, യുസിസി നടപ്പാക്കുന്നതിനെ കുറിച്ച് കേന്ദ്ര സർക്കാർ ചിന്തിക്കുക പോലും ചെയ്യരുതെന്നും ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡിനെതിരെയുള്ള സിപിഐഎം സെമിനാറിൽ സമസ്ത പങ്കെടുക്കും. സിപിഐഎമ്മിന്റെ ക്ഷണം സമസ്ത സ്വീകരിച്ചു. സെമിനാർ 2023 ജൂൺ 15ന് കോഴിക്കോടാണ് നടക്കുന്നത്.
ഏകീകൃത സിവിൽ കോഡ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെ നേരിൽ കണ്ട് കത്ത് നൽകും. മറുപടി അനുസരിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെതിരായ സി.പി.ഐ.എം പ്രതിഷേധ പരിപാടിക്ക് ക്ഷണം ലഭിച്ചെന്ന് മുസ്ലിം ലീഗും വ്യക്തമാക്കി. പരിപാടിയിൽ പങ്കെടുക്കണമോ എന്നതിൽ ഉടൻ തീരുമാനം എടുക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു



