കൊച്ചി: അസാധാരണമായി കുതിച്ചു കയറി തക്കാളി വില. ഒരു കിലോ ഗ്രാം തക്കാളിക്ക് 120 രൂപയാണ് സംസ്ഥാനത്ത് വില. കഴിഞ്ഞ വർഷം ഈ സമയത്ത് വെറും 50 രൂപയായിരുന്നു തക്കാളിയുടെ വില. മറ്റു സംസ്ഥാനങ്ങളിൽ മഴ ലഭിക്കാൻ വൈകിയതും മഴ ദുർബലമായതുമാണ് തക്കാളി വിലയെ ബാധിച്ചത്. വില ഇനിയും വർധിക്കാനാണ് സാധ്യതയെന്ന് കച്ചവടക്കാർ പറയുന്നു.
ഡൽഹി, കാൺപുർ, ബംഗളൂർ, ആന്ധ്രയിലെ ചിറ്റൂർ , വിജയവാഡ എന്നിവിടങ്ങളിൽ തക്കാളി കിലോക്ക് 100 രൂപയാണ് വില. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് തക്കാളി എത്തുന്നത്. മൊത്ത വ്യാപാര വിപണിയിലേക്ക് തക്കാളി എത്തുന്നതിൽ വലിയ കുറവാണുണ്ടായിട്ടുള്ളത്. പാത്തിക്കൊണ്ടയിലെ മൊത്ത വ്യാപാര മാർക്കറ്റിൽ പോലും വേണ്ടത്ര തക്കാളി എത്തുന്നില്ല. മഴയെപ്പേടിച്ച് കർഷകർ തക്കാളി ഉത്പാദനം കുറച്ചതും തിരിച്ചടിയായി.
മറ്റു പച്ചക്കറികളുടെയും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. പച്ചമുളക് കിലോക്ക് 100 രൂപയാണ്. ഇഞ്ചി, ഏത്തക്ക, ഞാലിപ്പൂവൻ എന്നിവയുടെ വിലയിലും വർധനവുണ്ട്.

