കേന്ദ്രപ്പാറ: ഗംഗാജലം ശേഖരിക്കാനായി നദിയിലിറങ്ങിയ പതിനാലുകാരനെ കടിച്ചു കൊന്ന മുതലയെ നാട്ടുകാർ പിടി കൂടി അടിച്ചു കൊന്നു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. അങ്കിത് കുമാറാണ് മുതലയുടെ ആക്രമണത്തിൽ മരിച്ചത്. പുതിയ ഇരുചക്ര വാഹനം വാങ്ങിയതിനു പിന്നാലെയാണ് പൂജയ്ക്കായി ഗംഗാജലം ശേഖരിക്കാനും കുളിക്കാനുമായി കുടുംബത്തോടൊപ്പം അങ്കിത് ഗംഗയിലിറങ്ങിയത്.
കുളിക്കുന്നതിനിടെ കുട്ടിയെ മുതല ആക്രമിക്കുകയും വലിച്ചു കൊണ്ടു പോകുകയുമായിരുന്നു. കുട്ടിയുടെ പാതിയോളം ശരീരം മുതല ഭക്ഷിച്ചു. ബന്ധുക്കൾ ഏറെ ശ്രമിച്ചെങ്കിലും കുട്ടിയുടെ പാതി ശരീരം മാത്രമേ തിരികെ ലഭിച്ചുള്ളൂ. അപ്പോഴേക്കും നദീതീരത്തെത്തിയ നാട്ടുകാർ മുതലയെ വലയിട്ട് പിടിച്ച് ഇരുമ്പു വടികൾ കൊണ്ട് അടിച്ചു കൊല്ലുകയായിരുന്നു.
മുതലയെ തല്ലിക്കൊല്ലുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഒഡീശയിലെ കേന്ദ്രപ്പാറയിലും നദിയിലിറങ്ങിയ കുട്ടിയെ മുതല ആക്രമിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിമാപുർ ഗ്രാമത്തിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാർഥിയായ അശുതോഷ് ആചാര്യയാണ് മുതലയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

