ഉറങ്ങി കിടക്കുന്നതിനിടെ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ

മുംബൈ: ഉറങ്ങിക്കിടക്കുന്ന ബിസിനസുകാരനായ ജേഷ്ഠന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തി അനിയൻ. കുത്തിയ കത്തിയുമായി ബൈക്കിൽ ആശുപത്രിയിലെത്തി സ്വയം ചികിത്സ തേടി സഹോദരൻ. മഹാരാഷ്ട്രയിലെ നവി മുംബൈയിൽ 2023 ജൂൺ മൂന്നാം തീയതിയാണ് സംഭവം നടന്നത്. 32 കാരനായ തേജസ് പാട്ടീൽ ആണ് കുത്തേറ്റ മുറിവുമായി സ്വയം ബൈക്കോടിച്ച് ആശുപത്രിയിലെത്തിയത്. ഗുരുതരമായി പരിക്കേറ്റ് ചോര വാർന്നെത്തിയ ബിസിനസുകാരൻ മരണത്തിൽ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായി.

സൻപാഡയിലെ സെക്ടർ 5ലെ വീട്ടിൽ തേജസ് ഉറങ്ങുകയായിരുന്നു. ഈ സമയത്ത് സഹോദരൻ മോനിഷ് (30) തേജസിന്റെ കഴുത്തിൽ കത്തി കുത്തിയിറക്കി. തുടർന്ന് മോനിഷ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കുത്തേറ്റ കത്തിയൂരാതെ ചോരയൊലിച്ച കഴുത്തുമായി തേജസ് ഉടനെ തന്നെ ബൈക്കിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്നു. അസഹനീയമായ വേദനയും രക്തസ്രാവവും വകവയ്ക്കാതെയാണ് തേജസ് ബൈക്കോടിച്ച് ഒരു കിലോമീറ്റർ അകലെയുള്ള ആശുപത്രിയിലെത്തിയത്.

ഉടനെ തന്നെ ആശുപത്രി അധികൃതർ തേജസിനെ അടിയന്ത്ര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഡോക്ടർ കഴുത്തിൽ നിന്നും കത്തി നീക്കം ചെയ്ത് മുറിവേറ്റ രക്തക്കുഴലുകൾ തുന്നിച്ചേർത്ത് തേജസിനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. തലനാരിഴയ്ക്കാണ് തേജസ് മരണത്തിൽ നിന്നും രക്ഷപ്പെട്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സഹോദരനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച മോനിഷിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മോനിഷിനൊപ്പം ഒരു സുഹൃത്തുകൂടി ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇരുവരും ഒളിവിലാണ്, ഇവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →