തിരുവനന്തപുരം : ഓസ്കാർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം.എം കീരവാണി തിരുവനന്തപുരത്ത് . 2023 മെയ് 28 ശനിയാഴ്ച വൈകിട്ട് അഞ്ചിന് ലുലുമാളിൽ എത്തുക. വല്യത്ത് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേബി ജോൺ വല്യത്ത് നിർമ്മാണവും സംവിധാനവും ഒരുക്കുന്ന ‘മജീഷ്യൻ’ എന്ന സിനിമയുടെ പൂജയ്ക്കായാണ് കീരവാണി എത്തുന്നത്. സാം ശിവ മ്യൂസിക് ബാൻറ് ഒരുക്കുന്ന എം.എം കീരവാണി ട്രിബ്യൂട്ടും ഉണ്ടാകും.
ചിത്രത്തിലെ മൂന്നു ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്ന കീരവാണിയെ ചടങ്ങിൽ ആദരിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രാഷ്ട്രീയ, സാമുദായിക, സിനിമ മേഖലയിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. തെലുങ്ക് ചിത്രമായ ആർ.ആർ.ആറിലെ ‘നാട്ടുനാട്ടു’ എന്ന ഗാനം ഒരുക്കിയതിന് ഓസ്കാർ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് കീരവാണി തിരുവനന്തപുരത്തെത്തുന്നത്.

