മലപ്പുറം: കാഞ്ഞങ്ങാട്-പത്തനംതിട്ട കെ.എസ്.ആർ.ടി ബസിൽ യുവതിക്കുനേരെ പീഡന ശ്രമമെന്ന് പരാതി. യുവതിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി ഷംസുദീനെ വളാഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തു.2023 മെയ് 22 തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം.കണ്ണൂരിൽ നിന്നും കയറിയ യുവതിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്.
ഇരുവരും സമീപത്തുള്ള സീറ്റുകളിലായിരുന്നു ഇരുന്നത്. കോഴിക്കോട് കഴിഞ്ഞതോടെ യുവാവ് അപമര്യാദയായി പെരുമാറുകയായിരുന്നു. യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിക്കാൻ ശ്രമിച്ചുവെന്നാണ് ലഭ്യമാകുന്ന വിവരം. ഇതോടെ പോലീസിന്റെ ടോൾ ഫ്രീ നമ്പറിലേക്ക് യുവതി വിവരം കൈമാറുകയായിരുന്നു. തുടർന്ന് മലപ്പുറം വളാഞ്ചേരിയിൽ വച്ച് ബസ് തടഞ്ഞ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

