അവകാശ ഓഹരിപദ്ധതി : ഒറ്റ മാസം സിയാലിന് ലഭിച്ചത് 478 കോടി

നെടുമ്പാശേരി: അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള വിഭവ സമാഹരണത്തിന് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) നടപ്പാക്കിയ അവകാശ ഓഹരി പദ്ധതി വന്‍വിജയം. ഒരു മാസത്തെ പദ്ധതി കാലാവധി അവസാനിച്ചപ്പോള്‍ നിലവിലെ നിക്ഷേപകര്‍ക്കു നിയമാനുസൃത അവകാശ ഓഹരി നല്‍കിയതിലൂടെ സിയാലിനു ലഭിച്ചത് 478.21 കോടി രൂപ.

സംസ്ഥാനചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി ധനസമാഹരണ പദ്ധതികളിലൊന്നാണിത്. 25 രാജ്യങ്ങളില്‍നിന്നായി 22,000 ലധികം പേരാണ് സിയാലിന്റെ നിക്ഷേപകരായുള്ളത്. മൊത്തം ഓഹരികള്‍ 38 കോടി. ഒരു ഓഹരിയുടെ അടിസ്ഥാനമൂല്യം 10 രൂപ. പൊതുവിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത സിയാലിന് അധികവിഭവ സമാഹരണത്തിനായി കമ്പനിനിയമം 62(1) സെക്ഷന്‍ പ്രകാരം അവകാശ ഓഹരി നല്‍കാം. നിലവിലെ അര്‍ഹരായ ഓഹരിയുടമകളില്‍നിന്നാണ് അവകാശ ഓഹരി വഴി ധനമസമാഹരണം നടത്തുന്നത്. നാല് ഓഹരിയുള്ളവര്‍ക്ക് ഒരു അധിക ഓഹരി എന്ന അനുപാതത്തിലാണ് ഇത്തവണ അവകാശ ഓഹരി പദ്ധതി നടപ്പിലാക്കിയത്. 50 രൂപയാണ് അവകാശ ഓഹരിയുടെ വില നിശ്ചയിച്ചിരുന്നത്.

മുഖ്യമന്ത്രി ചെയര്‍മാനായ സിയാലിന്റെ മാനേജ്‌മെന്റ് നിലവില്‍ നടപ്പാക്കിവരുന്നതും ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതുമായ വികസന പദ്ധതികളില്‍ നിക്ഷേപകര്‍ വന്‍ താല്‍പര്യം പ്രകടിപ്പിച്ചതോടെ ഭൂരിഭാഗം ഓഹരിയുടമകളും അവകാശ ഓഹരിക്കായി അപേക്ഷ സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരാണ് സിയാലിന്റെ ഏറ്റവും വലിയ നിക്ഷേപകര്‍. 32.42 ശതമാനം ഓഹരിയാണു സര്‍ക്കാരിനുള്ളത്. പുതിയ അവകാശ ഓഹരി പദ്ധതിയില്‍ സര്‍ക്കാര്‍ 178.09 കോടി രൂപ മുടക്കി 3.56 കോടി ഓഹരികള്‍ അധികമായി നേടി. ഇതോടെ സര്‍ക്കാരിന്റെ മൊത്തം ഓഹരി 33.38 ശതമാനമായി ഉയര്‍ന്നു. പദ്ധതിയുടെ കാലാവധി അവസാനിച്ചപ്പോള്‍ നിക്ഷേപകരില്‍നിന്ന് മൊത്തം 564 കോടി രൂപ ലഭിച്ചു. ഇതില്‍ നിയമാനുസൃതമായി സമാഹരിക്കാന്‍ സാധിക്കുന്നത് 478.21 കോടിയായിരുന്നു. ബാക്കി 86 കോടി രൂപ ഓഹരിയുടമകള്‍ക്കു തിരികെ നല്‍കി. ഡി മാറ്റ് അക്കൗണ്ടുള്ളവര്‍ക്കു മാത്രമേ അവകാശ ഓഹരികള്‍ക്ക് അര്‍ഹതയുള്ളൂ. അതിനാല്‍ 10.79 ശതമാനം ഓഹരികള്‍ അണ്‍ സബ്‌സ്‌ക്രൈബ്ഡ് വിഭാഗത്തിലായി. നേരത്തെ പ്രഖ്യാപിച്ച വ്യവസ്ഥയനുസരിച്ച് ഇത്തരം ഓഹരികള്‍ നിലവിലെ അര്‍ഹരായ ഓഹരിയുടമകള്‍ക്ക് ആനുപാതികമായി വീണ്ടും വീതിച്ചുനല്‍കി. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ അധികമായി നല്‍കിയ 23 കോടിയും ചേര്‍ത്താണ് 178.09 കോടി രൂപ.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനുള്ളില്‍ മൂന്നു വന്‍കിട പദ്ധതികള്‍ സിയാല്‍ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. പയ്യന്നൂര്‍, അരിപ്പാറ വൈദ്യുതപദ്ധതികളും ബിസിനസ് ജെറ്റ് ടെര്‍മിനലുമാണിവ. ഉടന്‍ നടപ്പാക്കുന്ന മറ്റു പദ്ധതികള്‍ക്കായി അവകാശ ഓഹരി ഫണ്ട് വിനിയോഗിക്കുമെന്ന് സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. തുടര്‍വര്‍ഷങ്ങളില്‍ അഞ്ചു ബൃഹദ് പദ്ധതികളാണു മുന്നിലുള്ളത്. രാജ്യാന്തര ടെര്‍മിനല്‍ ടി-3 യുടെ വികസനമാണ് അതില്‍ പ്രധാനം. എക്‌സ്പോര്‍ട്ട് കാര്‍ഗോ ടെര്‍മിനല്‍, ട്രാന്‍സിറ്റ് ടെര്‍മിനല്‍ തുടങ്ങിയ പദ്ധതികളും നടപ്പാക്കേണ്ടതുണ്ട്. കമ്പനി ചെയര്‍മാനായ മുഖ്യമന്ത്രിയും ഡയറക്ടര്‍ ബോര്‍ഡും ഈ പദ്ധതികള്‍ക്കുള്ള രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും സുഹാസ് അറിയിച്ചു.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →