‘കർണാടകയുടെ പരമാധികാരവും അഖണ്ഡതയും’; സോണിയയുടെ പരാമർശത്തിൽ വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി: ‘കർണാടകയുടെ പരമാധികാരവും അഖണ്ഡതയും’ എന്ന സോണിയ ഗാന്ധിയുടെ പരാമർശത്തിൽ കോൺഗ്രസിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മിഷൻ. സോണിയ ഗാന്ധിയുടെ ഈ പരാമർശത്തിനെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയോടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണം തേടിയത്. 2023 മെയ് 6 ശനിയാഴ്ച കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയാലാണ് സോണിയയുടെ പരാമർശം.

കർണ്ണാടകയിൽ സോണിയാ ​ഗാന്ധി നടത്തിയ പ്രസംഗം കമ്മീഷൻ നിർദ്ദേശങ്ങളെ അട്ടിമറിച്ചുള്ളതാണെന്നാണ് ബിജെപിയുടെ പരാതി. കർണ്ണാടകയുടെ പരമാധികാരത്തിനോ സൽപ്പേരിനോ അഖണ്ഡതക്കോ കളങ്കം ചാർത്താൻ ആരേയും അനുവദിക്കില്ലെന്ന പരാമർശം വിഭജനം ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപി ആരോപിക്കുന്നു. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി പരാതി നൽകിയത്.

സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് വ്യക്തമാക്കാനും തിരുത്തൽ നടപടികൾ കൈക്കൊള്ളാനും ആവശ്യപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺഗ്രസിന് നൽകിയ കത്തിൽ പറയുന്നു. ‘കർണാടകത്തിന്റെ സൽപ്പേരിനും പരമാധികാരത്തിനും അഖണ്ഡതയ്ക്കും കളങ്കം വരുത്താൻ കോൺഗ്രസ് ആരേയും അനുവദിക്കില്ല’ എന്ന സോണിയ ഗാന്ധിയുടെ പ്രസംഗം കോൺഗ്രസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിനെതിരെയാണ് ബിജെപി രംഗത്ത് വന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →