കര്‍ണാടകയില്‍ ബി.ജെ.പിക്കു തിരിച്ചടി;
ലിംഗായത്ത് പിന്തുണ കോണ്‍ഗ്രസിന്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭരണം നിലനിര്‍ത്താന്‍ ലക്ഷ്യമിട്ട് പ്രചാരണം ഊര്‍ജിതമാക്കിയ ബി.ജെ.പിക്കു തിരിച്ചടി. വര്‍ഷങ്ങളായി ബി.ജെ.പിയെ പിന്തുണച്ചിരുന്ന കര്‍ണാടക ലിംഗായത്ത് വീരെശെവ തിങ്കേഴ്‌സ് ഫോറം കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ചു. സമുദായാംഗങ്ങളോട് കോണ്‍ഗ്രസിന് വോട്ട് ചെയ്യാന്‍ ലിംഗായത്ത് വീരെശെവ ഫോറം അഭ്യര്‍ഥിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘടനയുടെ പ്രസിഡന്റ് കൃപാ ശങ്കര്‍, സെക്രട്ടറി കെ.വി. നാഗരാജ് മൂര്‍ത്തി എന്നിവര്‍ ഔദ്യോഗികമായി കത്തും പുറത്തിറക്കി. 07/05/23 ഞായറാഴ്ച രാവിലെ കോണ്‍ഗ്രസ് നേതാക്കളായ ഷാമനൂര്‍ ശിവശങ്കരപ്പയും ജഗദീഷ് ഷെട്ടാറും ഹുബള്ളിയിലെത്തി ലിംഗായത്ത് പുരോഹിതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി. സീറ്റ് നിഷേധിച്ചതോടെയാണ് ലിംഗായത്ത് വിഭാഗത്തില്‍നിന്നുള്ള നേതാവും മുന്‍മുഖ്യമന്ത്രിയുമായ ജഗദീഷ് ഷെട്ടാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കഴിഞ്ഞ തവണ ബി.ജെ.പിയെ അധികാരത്തിലെത്തിക്കുന്നതില്‍ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണ നിര്‍ണായകമായിരുന്നു. മുംബൈ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക മേഖലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ കര്‍ണാടകയിലെ ശക്തികേന്ദ്രമാണ് ലിംഗായത്തുകള്‍. 13 ജില്ലകളിലായി 90 നിയമസഭാ സീറ്റുകളാണ് ഇവിടെയുള്ളത്. നിലവില്‍ ബി.ജെ.പി- 52, കോണ്‍ഗ്രസ്-32, ജെ.ഡി.എസ്-6 എന്നിങ്ങനെയാണ് ഈ മേഖലയിലെ സീറ്റ് നില. ഇക്കുറി ലിംഗായത്ത് വിഭാഗം പിന്തുണ പ്രഖ്യാപിച്ചതോടെ വടക്കന്‍ കര്‍ണാടകയില്‍നിന്ന് നിര്‍ണായക നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →