കർണാടകയിൽ മുസ്ലിം വിഭാ​ഗത്തിനുണ്ടായിരുന്ന നാല് ശതമാനം സംവരണം എടുത്തുകളഞ്ഞതിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി അമിത് ഷാ

ബെം​ഗളൂരു:  മതത്തിന്റെ അടിസ്ഥാനത്തിലുള്ള സംവരണം ഒരിക്കലും അനുവദിക്കരുതെന്ന് അമിത് ഷാ. കർണാടകയിൽ അധികാരത്തിലെത്തിയാൽ മുസ്‌ലീങ്ങൾക്ക് നാല് ശതമാനം സംവരണം പുനഃസ്ഥാപിക്കുമെന്ന കോൺഗ്രസിന്റെ അവകാശവാദത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അമിത് ഷാ. വോട്ട് നേടാനുള്ള കോൺ​ഗ്രസിന്റെ പ്രീണന നയമാണ് വാ​ഗ്ദാനത്തിന് പിന്നിലെന്ന് അമിത് ഷാ വ്യക്തമാക്കി. മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കാനുള്ള തീരുമാനം തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ പ്രേരിതമായ തീരുമാനമാണെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു.

കർണാടക സർക്കാർ ഈ തീരുമാനം ധൃതി പിടിച്ച് എടുത്തതല്ല. തീരുമാനം വളരെ വൈകിയാണ് എടുത്തത്. വളരെ നേരത്തെ എടുക്കേണ്ട തീരുമാനമായിരുന്നു. മതത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന സംവരണം രാജ്യത്തിന്റെ ഭരണഘടന അംഗീകരിക്കുന്നില്ല. മതാടിസ്ഥാനത്തിലുള്ള സംവരണം റദ്ദാക്കേണ്ടതാണ്. ഞങ്ങൾ അത് ചെയ്തു. ഒരു വർഷം മുമ്പേ ചെയ്യേണ്ടതായിരുന്നുവെന്നും അമിത് ഷാ വ്യക്തമാക്കി. കർണാടക സർക്കാറിന്റെ തീരുമാനം പ്രീണനമാണെന്ന ആരോപണത്തെയും അമിത് ഷാ തള്ളി.

സംവരണം ഭരണഘടന പ്രകാരമായിരിക്കണം. ഭരണഘടന അനുസരിച്ച് മുന്നോട്ട് പോകണം. നമ്മുടെ ഭരണഘടനയിൽ മതപരമായ സംവരണം നൽകുന്ന ഭാഗം കോൺ​ഗ്രസ് നേതാക്കൾ എന്നെ കാണിക്കട്ടെ. അവർക്കതിന് കഴിഞ്ഞില്ലെങ്കിൽ സംവരണം നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അമിത് ഷാ പറഞ്ഞു. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണ്. മുസ്ലീങ്ങൾക്കിടയിലെ പിന്നാക്ക വിഭാഗങ്ങൾക്ക് സംവരണം ലഭിക്കണമെന്നതിൽ സംശയമില്ല. നാളെ ഏതെങ്കിലും സർക്കാർ എല്ലാ ഹിന്ദുക്കൾക്കും സംവരണം നൽകുമെന്ന് പറഞ്ഞാൽ അം​ഗീകരിക്കാൻ കഴിയുമോയെന്നും അമിത് ഷാ ചോദിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →