കേരളത്തിലേക്കുളള മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിൽ

ന്യൂഡൽഹി: കേരളത്തിലേക്ക് വരാൻ സുരക്ഷാച്ചെലവിനായി 60 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന കർണാടക പൊലീസിന്റെ തീരുമാനത്തിനെതിരെ പി‍ഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി സുപ്രീംകോടതിയിൽ. തുകയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 20 അംഗ സംഘത്തെയാണ് മഅദനിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്, ഇതിലും ഇളവ് വേണമെന്നും ആവശ്യപ്പെട്ടു. മഅദനിയുടെ അപേക്ഷ സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിക്കും.

ബെംഗളൂരു സ്ഫോടനക്കേസിൽ ജാമ്യത്തിൽ കഴിയുന്ന മഅദനിക്ക് കേരളത്തിലേക്ക് പോകാൻ സുപ്രീംകോടതി താൽക്കാലിക അനുമതി നൽകിയിരുന്നു. കർണാടക പൊലീസിന്റെ സുരക്ഷയിലാണ് മഅദനി കേരളത്തിലേക്കു പോകേണ്ടതെന്നു സുപ്രീം കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. 2023 ജൂലൈ 8 വരെ കേരളത്തിൽ തങ്ങാം. സുരക്ഷയ്ക്കുള്ള ചെലവ് മഅദനി തന്നെ വഹിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജൂലൈ എട്ടു വരെ സുരക്ഷ സുരക്ഷ ഒരുക്കുന്നതിനായി 60 ലക്ഷം രൂപ കർണാടക പൊലീസ് ആവശ്യപ്പെട്ടത്.

എന്നാൽ ഇതോടെ മഅദനിയുടെ യാത്ര അനിശ്ചിതത്വത്തിലായെന്ന് അദ്ദേഹത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ കപിൽ സിബൽ, ഹാരിസ് ബീരാൻ എന്നിവർ കോടതിയെ അറിയിച്ചു. മുമ്പ് പോയപ്പോൾ നാലംഗ പൊലീസ് സംഘമാണ് അനുഗമിച്ചതെന്നും ഇരുപതംഗ സംഘത്തിൽ ഇളവു വേണമെന്നും കോടതിയിൽ ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →