അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ച ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : ന്യൂയോർക്ക്–ഡൽഹി അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ഇന്ത്യക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചെന്ന് പരാതി. ആരോപണവിധേയനായ യാത്രക്കാരനെ ഡൽഹി വിമാനത്താവളത്തിൽ വിമാനം ഇറക്കിയ ശേഷം പുറത്തിറക്കി അറസ്റ്റ് ചെയ്തു. മദ്യപിച്ചെത്തിയ ഇയാൾ തർക്കത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 2023 ഏപ്രിൽ 24 രാത്രി 9 മണിയോടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ അമേരിക്കൻ എയർലൈൻസ് 292 വിമാനത്തിലാണ് സംഭവം.

ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വിഷയം അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട വ‍ൃത്തങ്ങൾ അറിയിച്ചു. ജോൺ എഫ്. കെന്നഡി ഇന്റർനാഷനൽ എയർപോർട്ടിൽ (ജെഎഫ്‌കെ) നിന്ന് ഇന്ദിരാഗാന്ധി ഇന്റർനാഷനൽ എയർപോർട്ടിലേക്ക് (ഡിഇഎൽ) സർവീസ് നടത്തുകയായിരുന്നു അമേരിക്കൻ എയർലൈൻസ് വിമാനം.

ലാൻഡിങ്ങിനു മുൻപു തന്നെ വിമാനത്താവളത്തിൽ വിവരം അറിയിച്ചിരുന്നു. ഇരയായ യാത്രക്കാരൻ എയർലൈനിൽ പരാതി നൽകിയിട്ടുണ്ട്. 2022 നവംബറിൽ എയർ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസിൽ വച്ച് മദ്യപിച്ചെത്തിയ ഒരാൾ സഹയാത്രികയായ വയോധികയുടെ ദേഹത്ത് മൂത്രമൊഴിച്ചിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. 2022 ഡിസംബറിൽ പാരീസിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഒഴിഞ്ഞ സീറ്റിൽ ഒരു യാത്രക്കാരൻ മൂത്രമൊഴിച്ചതും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →