മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന (ഏക്‌നാഥ് ഷിന്‍ഡെ)-ബി.ജെ.പി. സര്‍ക്കാരിന് അനുകൂലമായി പ്രതിപക്ഷനേതാവ് അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം എം.എല്‍.എമാര്‍ എന്‍.സി.പി. വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. ശിവസേനയിലെ ഭിന്നിപ്പില്‍ ഷിന്‍ഡേ പക്ഷത്തേക്കു കൂറുമാറിയ 16 എം.എല്‍.എമാര്‍ക്കെതിരായ അയോഗ്യതാനടപടിയില്‍ സുപ്രീം കോടതി വിധി പറയാനിരിക്കേയാണിത്. അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്ന തരത്തില്‍ എന്‍.സി.പി. ദേശീയാധ്യക്ഷന്‍ ശരദ് പവാറിനെ ഉദ്ധരിച്ച്, സഖ്യകക്ഷിയായ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം വക്താവ് സഞ്ജയ് റാവുത്ത് എം.പിയാണ് ഇതുസംബന്ധിച്ച സൂചന നല്‍കിയത്.
എന്‍.സി.പി. ഒരു പാര്‍ട്ടിയെന്ന നിലയില്‍ ബി.ജെ.പിയുമായി കൂട്ടുേചരില്ലെന്നും ഏതെങ്കിലും എം.എല്‍.എമാര്‍ അങ്ങനെ തീരുമാനിച്ചാല്‍ അത് അവരുടെ മാത്രം ഉത്തരവാദിത്വമായിരിക്കുമെന്നും ഉദ്ധവിനോടു പവാര്‍ പറഞ്ഞതായി ശിവസേന മുഖപത്രമായ സാമ്‌നയില്‍ സഞ്ജയ് റാവുത്ത് കഴിഞ്ഞ ഞായറാഴ്ച (17/04/23) എഴുതിയ പ്രതിവാരപംക്തിയില്‍ വെളിപ്പെടുത്തി. കഴിഞ്ഞ 11-നാണ് ഉദ്ധവിനോടു പവാര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ അനന്തരവന്‍ കൂടിയായ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം എന്‍.സി.പി. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണു ശരത് പവാറിന്റെ മുന്‍കൂര്‍ജാമ്യപ്രസ്താവനയെന്നു വിലയിരുത്തപ്പെടുന്നു. എം.എല്‍.എമാരുടെ കുടുംബാംഗങ്ങളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ബി.ജെ.പി. വേട്ടയാടുകയാണെന്നു ശരദ് പവാര്‍ പറഞ്ഞതായി റാവുത്ത് വെളിപ്പെടുത്തി.
ഷിന്‍ഡേ സര്‍ക്കാരിെനതിരേ ശക്തമായ ജനവികാരമുണ്ടെന്നും ഏതെങ്കിലും എന്‍.സി.പി. എം.എല്‍.എ. ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അത് രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്നും മകള്‍ സുപ്രിയ സുളെ എം.പിക്കൊപ്പം ഉദ്ധവിനെക്കണ്ട ശരദ് പവാര്‍ പറഞ്ഞു. ”ആരും പാര്‍ട്ടി വിട്ടുപോകാന്‍ ഹൃദയംകൊണ്ട് ആഗ്രഹിക്കുന്നില്ല. എന്നാല്‍, അവരുടെ കുടുംബാംഗങ്ങളെ വേട്ടയാടുകയാണ്. ആരെങ്കിലും ഒരു രാഷ്ട്രീയതീരുമാനമെടുത്താല്‍ അത് കുടുംബാംഗങ്ങളുടെ ആവശ്യപ്രകാരമായിരിക്കും” എന്നായിരുന്നു പവാറിന്റെ വാക്കുകള്‍.
16 ശിവസേന വിമത എം.എല്‍.എമാരെ അയോഗ്യരാക്കിയ അന്നത്തെ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചാല്‍ അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പിയില്‍നിന്ന് ഒരുവിഭാഗം എം.എല്‍.എമാര്‍ ഷിന്‍ഡെ-ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണയ്ക്കുമെന്നാണ് അഭ്യൂഹം. എന്നാല്‍, ഇത് നിഷേധിക്കുന്ന സമീപനമാണ് അജിത് പവാര്‍ ഇപ്പോഴും തുടരുന്നത്. 16 എം.എല്‍.എമാരുടെ അയോഗ്യത കോടതി ശരിവച്ചാലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരിക്കാനുള്ള ഭൂരിപക്ഷം ഷിന്‍ഡെ സര്‍ക്കാരിനുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞയാഴ്ച മുംബൈയിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി താന്‍ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തകളും അജിത് നിഷേധിച്ചു.

