ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു: നോര്‍ക്ക അധികൃതര്‍

തിരുവനന്തപുരം: സുഡാനില്‍ മരണപ്പെട്ട കണ്ണൂര്‍ സ്വദേശി ആല്‍ബര്‍ട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സുഡാനിലെ ഇന്ത്യന്‍ എംബസിയുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരികയാണെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി സുമന്‍ ബില്ലയുടെ നേതൃത്വത്തിലാണ് ആശയ വിനിമയം നടക്കുന്നത്. ആല്‍ബര്‍ട്ടിന്റെ ഭൗതികശരീരം എത്തിക്കുക, കുടുംബത്തിനാവശ്യമായ സംരക്ഷണം നല്‍കുക എന്നീ കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തുന്നതിനായി എംബസിയിലെ ഉദ്യോഗസ്ഥരുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സി ഇ ഒയും പലതവണ സംസാരിച്ചു. സുഡാനിലെ തെരുവുകളില്‍ സംഘര്‍ഷം തുടരുന്നതിനാല്‍ ഗതാഗതവും ജനജീവിതവും സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ച സാഹചര്യത്തില്‍ നിലവിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. സാഹചര്യങ്ങള്‍ മാറിവരുന്നതിനനുസരിച്ച് സാധ്യമായതെല്ലാം ചെയ്യാനുള്ള തയ്യാറെടുപ്പിലാണെണെന്ന് എംബസിയിലെ പ്രഥമ സെക്രട്ടറി അറിയിച്ചതായി നോര്‍ക്ക അധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →