ശ്രീനഗർ: ജമ്മു കശ്മീരിൽ നിർമിക്കുന്ന ഏഷ്യയിലെ ഏറ്റവും നീളമേറിയതും തന്ത്രപ്രധാനവുമായ സോജില തുരങ്കം സന്ദർശിച്ച് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഏതു കാലാവസ്ഥയിലും ലഡാക്കിലേക്കുള്ള റോഡ് ഗതാഗതം ഉറപ്പാക്കുന്നതാണ് സോജില തുരങ്കം.
സോൻമാർഗിൽ നിർമിക്കുന്ന തുരങ്കത്തെ ചരിത്രപരമെന്നു വിശേഷിപ്പിച്ച ഗഡ്കരി, കശ്മീർ മുതൽ കന്യാകുമാരിവരെ ബന്ധിപ്പിക്കുന്ന സ്വപ്‌നപദ്ധതിയുടെ ഭാഗമാണിതെന്നു വ്യക്തമാക്കി. 13 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന് 4,900 കോടി രൂപയാണ് നിർമാണച്ചെലവ്. 2026ൽ പൂർത്തിയാകും. മഞ്ഞുവീഴ്ച മൂലം ശ്രീനഗർ-ലഡാക്ക് ദേശീയപാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്ന പതിവ് സോജില തുരങ്കം യാഥാർഥ്യമാകുന്നതോടെ ഇല്ലാതാകും.
ഇപ്പോൾ മൂന്ന് മണിക്കൂർ വേണ്ടതിനു പകരം തുരങ്കം വന്നാൽ യാത്രാസമയം 20 മിനിറ്റായി ചുരുങ്ങും. സമുദ്ര നിരപ്പിൽനിന്ന് 11,500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന തുരങ്കത്തിൽ രണ്ടുവരി പാതയാണ് ഉണ്ടാവുക. ചൈനയുമായി അതിർത്തി സംഘർഷം തുടരുന്ന സാഹചര്യത്തിൽ മേഖലയിൽ മേൽക്കൈ നേടാനും തുരങ്കം സഹായിക്കും. നിർമാണം നടക്കുന്ന തുരങ്കത്തിന്റെ ചിത്രങ്ങളും വിഡിയോയും ഗഡ്കരി പങ്കുവച്ചു.

