തിരുവനന്തപുരം: ∙ പരാതി പരിഹാര അദാലത്തിൽ താലൂക്ക് ഓഫിസുകൾ വഴി പരാതികൾ റജിസ്റ്റർ ചെയ്താൽ പൂർണമായി സൗജന്യമെന് സർക്കാർ വിശദീകരണം. ഇതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയും സൗജന്യമായി റജിസ്റ്റർ ചെയ്യാം. അക്ഷയ വഴി അപേക്ഷിക്കുമ്പോൾ മാത്രമാണ് സർവീസ് ചാർജ് എന്നുമാണ് സർക്കാർ വിശദീകരണം.
അക്ഷയ വഴിയുള്ള സേവനങ്ങൾക്ക് ഫീസ് ഈടാക്കുന്നത് പുതിയ കാര്യമല്ലെന്ന് മന്ത്രി എം.ബി.രാജേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തിൽ മന്ത്രിമാർ നടത്തുന്ന താലൂക്കുതല അദാലത്തിൽ പരാതി നൽകാൻ സർവീസ് ചാർജ് അടയ്ക്കണമെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങൾ വഴിയാണ് അദാലത്തിലേക്ക് അപേക്ഷിക്കാൻ 20 രൂപ സർവീസ് ചാർജ് നിശ്ചയിച്ച് ഉത്തരവിറക്കിയത്. അപേക്ഷ സ്കാൻ ചെയ്യാനും പ്രിന്റ് എടുക്കാനും പേപ്പറൊന്നിന് മൂന്നു രൂപ വച്ച് വേറെയും നൽകണം.
തീർപ്പാകാതെ കിടക്കുന്ന പരാതികൾ പരിഹരിക്കുന്നതിനാണ് മന്ത്രിമാരുടെ നേതൃത്വത്തിൽ പരാതിപരിഹാര അദാലത്ത് നടത്തുന്നത്. താലൂക്ക് കേന്ദ്രത്തിൽ നടക്കുന്ന അദാലത്തിൽ പങ്കെടുക്കാൻ എത്തുന്നതിന് മുൻപ് അക്ഷയ കേന്ദ്രം വഴി അപേക്ഷ സമർപ്പിക്കണം. ഇതുവഴി അക്ഷയകേന്ദ്രങ്ങൾക്കുണ്ടാകുന്ന ചെലവ് ചൂണ്ടിക്കാണിച്ച് അക്ഷയ ഡയറക്ടർ സർക്കാരിന് കത്തുനൽകി. ഈ കത്ത് പരിഗണിച്ചാണ് പരാതിക്കാരിൽനിന്നു സർവീസ് ചാർജ് ഈടാക്കാൻ സർക്കാർ തീരുമാനമെടുത്തത്.

