അട്ടപ്പാടി : വിശപ്പിന്റെ വിലയായി ജീവന്‍ നല്‍കേണ്ടി വന്ന അട്ടപ്പാടി ചിണ്ടേക്കി ഊരിലെ മല്ലന്റെയും മല്ലിയുടെയും മകന്‍ മധുവിന് നീതി. കൊല്ലപ്പെട്ട 5 ആണ്ട് കഴിഞ്ഞപ്പോഴാണ് മധുവിന്റെ കൊലയ്ക്ക് കാരണക്കാരായവര്‍ക്കെതിരേ നീതിപീഠത്തിന്റെ ശിക്ഷ എത്തുന്നത്. 2018 ഫെബ്രുവരി 22 നാണ് മധു ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മധു വീട്ടുകാരില്‍ നിന്ന് അകന്ന് കാട്ടിലെ ഗുഹയിലാണു താമസിച്ചിരുന്നത്. കള്ളനെന്ന് ആരോപിച്ച് മധുവിനെ കാട്ടില്‍ നിന്നു പ്രതികള്‍ സംഘം ചേര്‍ന്നു പിടികൂടി മുക്കാലിയിലെത്തിച്ചു. മുക്കാലിയില്‍ എത്തിയാണു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. അഗളിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മധു മരിച്ചു. പ്രതികളുടെ ആക്രമണത്തിലേറ്റ പരുക്കു മൂലമാണു മധു കൊല്ലപ്പെട്ടതെന്നാണു പ്രോസിക്യൂഷന്‍ കേസ്. കാട്ടില്‍ പോകുന്നതിന്റെയും മധുവിനെ പിടികൂടി വരുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രതികളില്‍ ചിലര്‍ തന്നെ പകര്‍ത്തി. ഈ ഡിജിറ്റല്‍ തെളിവുകളെയാണ് പ്രോസിക്യൂഷന്‍ പ്രധാനമായും ആശ്രയിച്ചത്. 2018 മേയ് 23നാണ് അഗളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലെ കുറ്റപത്രം സമര്‍പ്പിച്ചത്. ഒരാഴ്ചയ്ക്ക് ശേഷം അറസ്റ്റിലായ പ്രതികള്‍ക്ക് ഹൈക്കോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു. 103 സാക്ഷികളെ കേസില്‍ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ഇതില്‍ 24 പേര്‍ കൂറുമാറി. 77 പേര്‍ അനുകൂലമായി മൊഴി നല്‍കി. 2 പേര്‍ വിചാരണയ്ക്ക് മുന്‍പ് മരിച്ചു. പ്രതിഭാഗം വിസ്തരിച്ച സാക്ഷികളുടെ എണ്ണം 8 ആണ്.
മധു വധക്കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായി ആദ്യം പാലക്കാട്ടെ അഭിഭാഷകന്‍ ഗോപിനാഥനെയും പിന്നീട് വി.ടി. രഘുനാഥിനെയും പ്രോസിക്യൂട്ടര്‍മാരായി നിയമിച്ചു. ഇരുവരും പിന്നീട് ചുമതലയില്‍ നിന്നു പിന്‍മാറി. തുടര്‍ന്ന് 2022 ജനുവരി 16ന് സി. രാജേന്ദ്രനെ പ്രോസിക്യൂട്ടറായും രാജേഷ് എം മേനോനെ അഡീഷനല്‍ പ്രോസിക്യൂട്ടറായും നിയമിച്ചു. വിചാരണയുടെ ആദ്യഘട്ടത്തില്‍ സാക്ഷികള്‍ തുടര്‍ച്ചയായി കൂറു മാറിയതിനെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ സ്ഥാനത്തു നിന്നു രാജേന്ദ്രനെ മാറ്റി പകരം രാജേഷ് എം. മേനോനെ നിയമിച്ചു. മാര്‍ക്ക് ചെയ്ത രേഖകള്‍/ തൊണ്ടിമുതലുകള്‍
മധു കേസിലെ പ്രതിപട്ടിക
- താവളം പാക്കുളം മേച്ചേരിയില്‍ ഹുസൈന്‍ (59), 2. കള്ളമല മുക്കാലി കിളയില്‍ മരയ്ക്കാര്‍ (41), 3. കള്ളമല മുക്കാലി പൊതുവച്ചോല ഷംസുദ്ദീന്‍ (41), 5. കല്‍ക്കണ്ടി കക്കുപ്പടി കുന്നത്ത് വീട് അനീഷ് (38), 6. ആനമൂളി പള്ളിപ്പടി പൊതുവച്ചോല അബൂബക്കര്‍ (39), 7. കള്ളമല മുക്കാലി പടിഞ്ഞാറെപ്പള കുരിക്കള്‍ വീട്ടില്‍ സിദ്ദീഖ് (46), 8. കള്ളമല മുക്കാലി തൊട്ടിയില്‍ ഉബൈദ് (33), 9. മുക്കാലി വിരുത്തിയില്‍ നജീബ് (41), 10. കള്ളമല മുക്കാലി മണ്ണംപറ്റ വീട്ടില്‍ ജൈജുമോന്‍ (52), 11. കള്ളമല മുക്കാലി ചോലയില്‍ അബ്ദുല്‍ കരീം (52), 12. കള്ളമല കൊട്ടിയൂര്‍ക്കുന്ന് പുത്തന്‍പുരയ്ക്കല്‍ സജീവ് (38), 13. കള്ളമല മുക്കാലി മുരിക്കട സതീഷ് (43), 14. മുക്കാലി ചെരുവില്‍ ഹരീഷ് (42), 15. മുക്കാലി ചെരുവില്‍ ബിജു (45), 16. മുക്കാലി വിരുത്തിയില്‍ മുനീര്‍ (36).
14 പേര്‍ കുറ്റക്കാരെന്ന് കോടതി
പട്ടികയിലെ 14 പേര്‍ കുറ്റക്കാരെന്ന് കോടതി 2023 ഏപ്രില്‍ 3ന് വിധിച്ചിരുന്നു. മണ്ണാര്‍ക്കാട് എസ് സി- എസ് ടി കോടതിയാണ് ഇവര്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, കോടതി വെറുതെവിട്ടതിനെതിരെ മേല്‍ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് മധുവിന്റെ കുടുംബവും സമരസമിതിയും. കേസിലെ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടത്. ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ധീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദിഖ്, എട്ടാം പ്രതി ഉബൈദ്, ഒന്‍പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ തുടങ്ങിയവര്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്.

