ചെന്നൈ: ഡി.എം.കെയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന സാമൂഹികനീതി സംബന്ധിച്ച ദേശീയ സമ്മേളനം ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും. ഓള് ഇന്ത്യ ഫെഡറേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ പേരില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ രാജ്യത്തെ ബി.ജെ.പി. ഇതര മുഖ്യമന്ത്രിമാരും പ്രതിപക്ഷ പാര്‍ട്ടികളും പങ്കെടുക്കും.
രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടെയുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഡി.എം.കെ. അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടങ്ങിയവരുടെ പ്രത്യേക പ്രതിനിധികളും യോഗത്തിനെത്തും. ടി.എം.സി. നേതാവും എം.പിയുമായ ഡെറിക് ഒബ്രിയാന്, ആം ആദ്മി എം.പി. സഞ്ജയ് സിങ്, ബി.ആര്.എസ്. എം.പി. ഡോ. കേശവ റാവു തുടങ്ങിയവരായിരിക്കും യോഗത്തില്‍ പങ്കെടുക്കുക.
ഇതു രണ്ടാം തവണയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയ്ക്ക് ഡി.എം.കെ. കാരണമാകുന്നത്. നേരത്തേ സ്റ്റാലിന്റെ എഴുപതാം പിറന്നാള്‍ ആഘോഷത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള, ആര്.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഉള്‍പ്പെടെ പ്രതിപക്ഷത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു. സാമൂഹികനീതി പ്രസ്ഥാനത്തെ ഇന്ത്യയിലുടനീളം ശക്തിപ്പെടുത്തുന്നതിനാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഡി.എം.കെ. എം.പിയും ഫെഡറേഷന് ഫോര്‍ സോഷ്യല്‍ ജസ്റ്റിസ് കണ്‍വീനറുമായ പി. വില്‍സണ്‍ പറഞ്ഞു. എന്നാല്‍, സാമൂഹികനീതി പ്രസ്ഥാനത്തിന് രാഷ്ട്രീയ ബന്ധമില്ലെന്നും സംഘടനയെ എതിര്‍ക്കുന്നവരാണ് ഇത് ഒരു രാഷ്ട്രീയ നീക്കമെന്ന് ആക്ഷേപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

