കൊച്ചി: അന്തരിച്ച നടൻ ഇന്നസെന്റിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നസെന്റിന്റെ മൃതദേഹമെത്തിച്ചിരുന്നു. 11.30-വരെ നീണ്ട പൊതുദർശനത്തിന് ശേഷമാണ് മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പുറപ്പെട്ടത്. ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തിക്കുന്ന മൃതദേഹം അവിടെ പൊതുദർശനത്തിനായി വയ്ക്കും. വൈകിട്ടോടെ വീട്ടിലേക്ക് കൊണ്ടു പോകും. 28/03/23 ചൊവ്വാഴ്ച രാവിലെ ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് മലയാളികളുടെ ഇഷ്ടനടന്റെ സംസ്കാരം.
രാവിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പൊതുദർശനത്തിൽ ആയിരക്കണക്കിന് ആളുകളാണ് പ്രിയനടനെ അവസാനമായി കാണാനെത്തിയത്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി 17 വർഷം പ്രവർത്തിച്ച ഇന്നസെന്റ് ഏട്ടനെ അവസാനമായി കാണാൻ നിരവധി സഹപ്രവർത്തകരും കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെത്തി.

