സോണ്ട കരാറില്‍ മുഖ്യമന്ത്രിയുടെ പങ്ക് പരിശോധിക്കണം: പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: ബ്രഹ്മപുരം വിഷയത്തില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പി ജെ പി നേതാവും മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയുമായ പ്രകാശ് ജാവദേക്കര്‍. കേരളത്തില്‍ സംഭവിച്ചത് വലിയ പരിസ്ഥിതി ദുരന്തമാണ്. ഖരമാലിന്യ സംസ്‌കരണത്തില്‍ കേരളം മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നും അതിന്റെ ദൂഷ്യഫലമാണ് കൊച്ചിയില്‍ കണ്ടതെന്നും ബി ജെ പി കേരള ഘടകത്തിന്റെ ചുമതലയുള്ള നേതാവ് കൂടിയായ ജാവദേക്കര്‍ പറഞ്ഞു. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കണം. സോണ്ടക്ക് വേണ്ടി വഴി വിട്ട് കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബ്രഹ്മപുരം തീപ്പിടിത്തത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നും പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും ഇങ്ങനെ തീ പിടിക്കുമെന്നാണ് അധികൃതര്‍ നിരത്തുന്ന ന്യായീകരണം. ഇവര്‍ പരിഹാര മാര്‍ഗങ്ങള്‍ തേടുന്നില്ലെന്നും ജാവദേക്കര്‍ കുറ്റപ്പെടുത്തി. 250 ടണ്‍ മാലിന്യം ഓരോ ദിവസവും കുന്നുകൂടുന്ന അവസ്ഥയാണ് ഉള്ളത്. ഗോവയിലെയും, ഇന്‍ഡോറിലെയും മാതൃകകള്‍ ഇക്കാര്യത്തില്‍ കേരളം പകര്‍ത്തിയില്ലെന്നും ജാവദേക്കര്‍ വിമര്‍ശിച്ചു.

Share
അഭിപ്രായം എഴുതാം