തിരുവനന്തപുരം: അതിക്രമങ്ങൾ പ്രതിരോധിക്കാൻ സ്ത്രീകൾക്കും കുട്ടികൾക്കും പോലീസിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ (മാർച്ച് 11, 12) എല്ലാ ജില്ലകളിലും സൗജന്യ പരിശീലനം നൽകും. സ്വയം പ്രതിരോധ മുറകളിൽ പ്രത്യേക പരിശീലനം നേടിയ വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ‘ജ്വാല’ എന്ന പേരിൽ വാക്ക് ഇൻ ട്രെയിനിങ് നൽകുന്നത്.
ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പരിപാടി ശനിയാഴ്ച രാവിലെ ഒൻപതിന് എല്ലാ ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാർ ഉദ്ഘാടനം ചെയ്യും. ദിവസം നാലു ബാച്ചുകളായാണ് പരിശീലനം. ഒൻപത് മണിക്കും 11 മണിക്കും രണ്ട് മണിക്കും നാല് മണിക്കുമായി നടക്കുന്ന പരിശീലനത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ shorturl.at/eBVZ4 എന്ന ലിങ്കിൽ പ്രവേശിച്ച് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കണം.
കേരള പോലീസിന്റെ ആഭിമുഖ്യത്തിൽ 2015 ൽ ആരംഭിച്ച സ്വയം പ്രതിരോധ പരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധപരിശീലന പരിപാടിയിലൂടെ ഇതുവരെ ലക്ഷക്കണക്കിന് സ്ത്രീകളും കുട്ടികളും സ്വയം പ്രതിരോധ മുറകളിൽ പ്രാഗത്ഭ്യം നേടിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് പരിശീലനം നൽകുന്നത്. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴിൽ നൽകുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും തുടർന്നും പരിശീലനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0471-2318188 ൽ വിളിക്കാവുന്നതാണ്.

