ന്യൂഡല്‍ഹി: മൃഗബലി നിരോധിച്ചുകൊണ്ടുള്ള നിയമം ശരിവച്ച ഹൈക്കോടതി വിധിക്കെതിരേ പി ഗോപാലകൃഷ്ണന് എന്നയാള്‍ നല്കിയ അപ്പീലില്‍ സുപ്രിംകോടതി കേരള സര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞു. നിയമത്തെ സംബന്ധിച്ച ഹര്‍ജിയില്‍ കേരള സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ കോടതി തീരുമാനിച്ചിട്ടുണ്ട്. മൃഗങ്ങളെ കൊല്ലുന്നതിനു വിലക്കില്ലാത്ത സംസ്ഥാനത്ത് ആരാധനാലയങ്ങളില്‍ മൃഗബലിക്ക് വിലക്കേര്‍പ്പെടുത്തുന്ന നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കേണ്ടതാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചൂണ്ടിക്കാട്ടി. മൃഗബലി മതാനുഷ്ഠാനത്തിന്റെ ഭാഗമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
കേരളത്തില്‍ ക്ഷേത്രങ്ങളിലോ പരിസരത്തോ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലിയര്‍പ്പിക്കുന്നത് 1968ലെ സംസ്ഥാന മൃഗബലി നിരോധന നിയമപ്രകാരം നിരോധിച്ചിരിക്കുകയാണ്. മൃഗബലി നടത്തിയാല്‍ ഈ നിയമപ്രകാരം മൂന്നുമാസം തടവും 300 രൂപവരെ പിഴയുമാണ് ശിക്ഷ. മൃഗബലി നിരോധന നിയമം നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ജൂണ്‍ 16ന് കോടതി തള്ളിയിരുന്നു. ഇതിനെ ത്തുടര്‍ന്നാണ് ഭരണഘടനയുടെ 25(1) അനുച്ഛേദനത്തിന്റെ ലംഘനമാണ് മൃഗബലി നിരോധന നിയമമെന്ന് കാട്ടി സുപ്രിംകോടതിയെ സമീപിച്ചത്.

