യുവതിയെ ബസില്‍ പീഡിപ്പിച്ചു വാരാണസിയില്‍ ഒളിവില്‍ കഴിഞ്ഞ യുവാവ് പിടിയില്‍

കോഴിക്കോട്:മാനസികൈവകല്യമുള്ള യുവതിയെ ബസിലിട്ട് അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം മുങ്ങിയ യുവാവ് അറസ്റ്റില്‍. പന്തീര്‍പാടം പാണരുക്കണ്ടത്തില്‍ ഇന്ത്യേഷ് കുമാര്‍(38) ആണു പിടിയിലായത്. ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ നാട്ടിലേക്കു വരുന്നതിനിടെ സേലത്തുവച്ച് പോലീസ് പിടികൂടുകയായിരുന്നു. കേസിലെ മറ്റു പ്രതികളായ കുന്ദമംഗലം മലയൊടിയാറുമ്മല്‍ വീട്ടീല്‍ ഗോപീഷ് (38), പന്തീര്‍പ്പാടം മേലേപൂളോറ വീട്ടില്‍ മുഹമ്മദ് ഷമീര്‍(32) എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു.

ചേവായൂരിലെ വീട്ടില്‍നിന്ന് രക്ഷിതാക്കളോടു പിണങ്ങിയിറങ്ങിയ മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണു ക്രൂരബലാത്സംഗത്തിന് ഇരയായത്. 2021 ജൂലൈ നാലിനായിരുന്നു സംഭവം. അതേക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ:
ഇന്ത്യേഷ് കുമാറും ഗോപീഷും മുണ്ടിക്കല്‍ത്താഴം വയല്‍ ബസ് സ്‌റ്റോപ്പിനടുത്തുനിന്ന് യുവതിയെ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടുപോയി. തുടര്‍ന്ന് കോട്ടാപറമ്പിലെ ബസ് ഷെഡ്ഡില്‍ നിര്‍ത്തിയിട്ട ബസില്‍വച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തു. അതിനുശേഷം സുഹൃത്തായ മുഹമ്മദ് ഷമീറിനെ വിളിക്കുകയും പത്താം മൈലിലുള്ള വീട്ടില്‍നിന്ന് ഷമീര്‍ ഓട്ടോ വിളിച്ച് കോട്ടാപറമ്പിലെത്തി യുവതിയെ പീഡിപ്പിക്കുകയും ചെയ്തു. സംഭവശേഷം മുണ്ടിക്കല്‍ത്താഴത്തുള്ള ഹോട്ടലില്‍നിന്ന് ഗോപിഷ് പാഴ്‌സല്‍ഭക്ഷണം വാങ്ങി യുവതിക്കു കൊടുത്തു. പിന്നീട് ഗോപിഷും ഷമീറും കൂടി യുവതിയെ ബൈക്കില്‍ കയറ്റി കുന്ദമംഗലം ഓട്ടോസ്റ്റാന്‍ഡിനടുത്ത് ഇരുട്ടിന്റെ മറവില്‍ ഇറക്കിവിട്ടു.

രാത്രി വീട്ടിലെത്തിയ യുവതിയുടെ സ്വഭാവത്തില്‍ അസ്വാഭാവികത തോന്നിയപ്പോള്‍ രക്ഷിതാക്കള്‍ കാര്യമന്വേഷിച്ചു. അതോടെയാണ് ക്രൂരമായ പീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടര്‍ന്ന് ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടു. കോഴിക്കോട് സിറ്റിയില്‍ ഒരു യുവതി കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത് ആദ്യമായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സമീപപ്രദേശങ്ങളിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സ്‌കൂട്ടറില്‍ കയറ്റിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. പ്രാരംഭ അന്വേഷണത്തില്‍ ബസുടമയെയും തൊഴിലാളികളെയും വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്‌തെങ്കിലും പ്രതികളിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞില്ല. പിന്നീട് എ.സി.പി: കെ. സുദര്‍ശന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ശേഖരിച്ച തെളിവുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

ബലാത്സംഗത്തിനിരയായ യുവതി സംഭവസ്ഥലത്തു തൂങ്ങിമരിച്ചെന്ന് ഗോപീഷ് പറഞ്ഞതോടെയാണ് ഇന്ത്യേഷ് നാടുവിട്ടത്. പഴനി, തിരുവണ്ണാമൈല തുടങ്ങിയ സ്ഥലങ്ങളില്‍ ഇയാള്‍ വേഷംമാറി താമസിച്ചെങ്കിലും അവിടെയെല്ലാം പോലീസ് എത്തിയതോടെ മുങ്ങി. തുടര്‍ന്ന് വാരാണസിയിലേക്കു കള്ളവണ്ടി കയറി സന്യാസിമാരോടൊപ്പം കഴിയുകയായിരുന്നു. ഇതിനിടെ ഇയാള്‍ ബന്ധപ്പെടാന്‍ സാധ്യതയുള്ളവരെയെല്ലാം പോലീസ് രഹസ്യമായി നിരീക്ഷിച്ചു. അന്വേഷണം നിലച്ചെന്നു കരുതിയ ഇന്ത്യേഷ് നീണ്ട ഇടവേളയ്ക്കുശേഷം നാട്ടിലുള്ള ഒരാളുമായി ബന്ധപ്പെട്ടതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. നാട്ടുകാരനില്‍നിന്ന് വീട്ടിലെ വിവരങ്ങളറിഞ്ഞ ഇയാള്‍ നാട്ടില്‍ വന്ന് അമ്മയെയും സഹോദരങ്ങളെയും കണ്ട് വരാണസിക്കുതന്നെ മടങ്ങാന്‍ തീരുമാനിച്ചു. ഈ വിവരം മനസിലാക്കിയ പോലീസ് സേലത്തു ചെന്ന് ഇയാള്‍ വരുന്ന ട്രെയിനില്‍ കയറി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 2003 ലെ കാരന്തൂര്‍ കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണ് ഇന്ത്യേഷ്.

ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി തൃശൂരിലെ അഭയകേന്ദ്രത്തില്‍ കഴിയുകയാണ്. അന്വേഷണസംഘത്തില്‍ എ.സി.പി: കെ.സുദര്‍ശന്‍, സ്‌പെഷല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ് ഇന്‍സ്‌പെക്ടര്‍ ഒ. മോഹന്‍ദാസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹാദില്‍ കുന്നുമ്മല്‍, ശ്രീജിത്ത് പടിയാത്ത്, സിവില്‍ പോലീസ് ഓഫീസര്‍ എ.കെ. അര്‍ജുന്‍, സുമേഷ് ആറോളി എന്നിവരാണുണ്ടായിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →