മലപ്പുറം: സംഘടനാ വിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ സമസ്തയില്‍നിന്ന് പുറത്താക്കപ്പെട്ട ഹക്കീം ഫൈസി ആദ്യശ്ശേരി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസിന്റെ (സി.ഐ.സി) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. സമസ്ത നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി സി.ഐ.സി പ്രസിഡന്റ് കൂടിയായ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഹക്കീം ഫൈസിയെ പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജിയാവശ്യപ്പെട്ടിരുന്നു. തുടര്‍ന്നു ഇന്നലെ വൈകിട്ടോടെ ഇ-മെയില്‍ മുഖാന്തിരം രാജിക്കത്ത് സാദിഖലി തങ്ങള്‍ക്ക് സമര്‍പ്പിച്ചു. സി.ഐ.സിയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 118 പേരും രാജി സമര്‍പ്പിച്ചിട്ടുണ്ട്.
പൂര്ണമനസ്സോടെയല്ല തന്റെ രാജിയെന്നും ഇതിനായി സമസ്തയിലെ ചിലര്‍ സാദിഖലി ശിഹാബ് തങ്ങളെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കിയെന്നും ഹക്കീം ഫൈസി ആദിശ്ശേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സി.ഐ.സിയുടെ ഭരണഘടന പ്രകാരം ജനറല്‍ ബോഡിക്കാണ് രാജിക്കത്ത് സമര്‍പ്പിക്കേണ്ടത്. 97 അഫിലിയേറ്റഡ് സ്ഥാപനങ്ങളുടെ കൂട്ടായ്മ ചര്‍ച്ച ചെയ്തശേഷമേ അന്തിമ തീരുമാനമെടുക്കാവൂ. സാദിഖലി തങ്ങളോടുള്ള ബഹുമാനം മൂലമാണ് രാജിയാവശ്യപ്പെട്ടപ്പോള്‍ അനുസരിച്ചത്. വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍ രാജിവയ്ക്കാന്‍ പറ്റില്ലെന്ന് പറയും. സമസ്ത തന്നെ വേണ്ടത്ര കേട്ടിട്ടില്ല. കൂടുതല്‍ ചര്‍ച്ചയ്ക്ക് അവസരമൊരുക്കുമെന്ന് അറിയിച്ചെങ്കിലും ഇതുണ്ടായില്ല. ചിലര്‍ക്ക് തന്നോട് വിദ്വേഷമോ, ഭിന്നാഭിപ്രായമോ ഉണ്ടാവാം. ഇവര്‍ തന്റെ രാജി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വലിയൊരു വിഭാഗം അതില്‍ വേദനിക്കുന്നുണ്ട്. സി.ഐ.സി കുടുംബത്തിനകത്ത് യാതൊരു ഭിന്നാഭിപ്രായമില്ല.
സമസ്തയിലെ കുറച്ചാളുകള്‍ അനവസരത്തില്‍ അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണ്. മതപരമായ ഇന്റലക്ചല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വമേകേണ്ടവര്‍ അനാവശ്യമായി ഓരോ സ്ഥാപനത്തിന്റെയും ഭരണപ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മികച്ച രീതിയില്‍ പോവുന്ന സി.ഐ.സി സംവിധാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല. സി.ഐ.സിയുടെ തുടക്കത്തിലെ ചിലര്‍ അസ്വസ്ഥത പുലര്‍ത്തിയിട്ടുണ്ട്. സമസ്ത ഒരുസംഘടനയല്ല, ആദര്‍ശ പ്രസ്ഥാനമാണ്. അതില്‍ നിന്ന് പുറത്തുപോവാന്‍ മുസ്ലിം എന്ന നിലയില്‍ ഒരാള്‍ക്കും കഴിയില്ല. പുറത്താക്കാനും കഴിയില്ല. യാഥാസ്ഥിക മുസ്ലിം സമൂഹം ഒരുപാട് മുന്നോട്ടുപോവാന്‍ ആഗ്രഹിക്കുന്നുണ്ട്. ഇതിന് ഉള്ളില്‍ നിന്ന് തന്നെയള്ള ശ്രമങ്ങള്‍ വേണം. പുതിയ കാലത്തോട് സംവദിക്കുന്നതും മതപരമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ചുമുള്ള വിദ്യാഭ്യാസ രീതി സി.ഐ.സി അവതരിപ്പിച്ചതും ഇതുകൊണ്ടാണെന്നും ഹക്കീം ഫൈസി പറഞ്ഞു.

