വരാഹരൂപം തര്‍ക്കം: ”കാന്താര” സംവിധായകന്‍ കോഴിക്കോട് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി

കോഴിക്കോട്: ബോക്‌സോഫീസില്‍ വന്‍ മുന്നേറ്റം നടത്തിയ ”കാന്താര” എന്ന കന്നഡസിനിമയുടെ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. സിനിമയിലെ ”വരാഹരൂപം” എന്ന പാട്ട് പകര്‍പ്പാവകാശം ലംഘിച്ചാണ് ഉപയോഗിച്ചതെന്ന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നതിനെത്തുടര്‍ന്നാണ് അദ്ദേഹമെത്തിയത്. കേസില്‍ ഋഷഭ് ഷെട്ടിക്കും കാന്താരയുടെ നിര്‍മാതാവ് വിജയ് കിര്‍ഗനൂറിനും നേരത്തെ കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു.
ഋഷഭ് ഷെട്ടി പോലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിനു ഹാജരാകും. പൃഥിരാജ് ഉള്‍പ്പെടെയുള്ള കേരളത്തിലെ വിതരണക്കാരും വരുംദിവസങ്ങളില്‍ ചോദ്യംചെയ്യലിന് എത്തും.

ഋഷഭ് ഷെട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡി.സി.പി. കെ.എ. ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴി രേഖപ്പെടുത്തുന്നത്. മലയാളത്തിലെ മ്യൂസിക് ബാന്‍ഡായ തൈക്കൂടം ബ്രിജ് ചിട്ടപ്പെടുത്തിയ ‘നവരസം ഗാനത്തിന്റെ പകര്‍പ്പാണു വരാഹരൂപം എന്നതാണു പരാതി. കോഴിക്കോട് ടൗണ്‍ പോലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവര്‍ക്കു മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ‘വരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി കാന്താര പ്രദര്‍ശിപ്പിക്കുന്നത് കേരള ഹൈക്കോടതി വിലക്കിയിരുന്നു. തുടര്‍ന്ന് ഗാനമുള്‍പ്പെടുത്താതെ സിനിമ കുറച്ചുനാള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ സുപ്രീംകോടതി പിന്നീട് ഹൈക്കോടതി വിധി സ്‌റ്റേ ചെയ്തതോടെ ഗാനം വീണ്ടും ഉള്‍പ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →