കേപ്ടൗണ്‍: വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്കു വിജയത്തുടക്കം. ഗ്രൂപ്പ് 2 വിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ പരമ്പരാഗത എതിരാളികളായ പാകിസ്താനെ ഏഴ് വിക്കറ്റിനാണു തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ജമീമ റോഡ്രിഗസും (38 പന്തില്‍ എട്ട് ഫോറുകളടക്കം 31) റിച്ചാ ഘോഷും (20 പന്തില്‍ 31) ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. നാലാം വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് 58 റണ്ണെടുത്തു.
യസ്തിക ഭാട്ടിയയും (20 പന്തില്‍ 17) ഷഫാലി വര്‍മയും (25 പന്തില്‍ 33) ചേര്‍ന്ന് ഇന്ത്യക്കു മികച്ച തുടക്കം നല്‍കി. യസ്തികയെ ഫാത്തിമ സനയുടെ കൈയിലെത്തിച്ച് സാദിയ ഇഖ്ബാല്‍ കൂട്ടുകെട്ട് പൊളിച്ചു. ഷഫാലിയും ജെമീമയും ചേര്‍ന്നതോടെ ഇന്ത്യ മുന്നേറി. ഷഫാലിയെ സിദ്ര അമീന്റെ കൈയിലെത്തിച്ച് നസ്‌റ സന്ധു കൂട്ടുകെട്ട് പൊളിച്ചു. പരുക്കില്‍നിന്നു മുക്തയായി തിരിച്ചെത്തിയ നായിക ഹര്‍മന്‍പ്രീത് കൗര്‍ (12 പന്തില്‍ 16) നിലയുറപ്പിക്കും മുമ്പ് പുറത്തായി. നസ്‌റ സന്ധു ഹര്‍മനെ ബിസ്മ മാറൂഫിന്റെ കൈയിലെത്തിച്ചു. പാകിസ്താനു വേണ്ടി നസ്‌റ സന്ധു രണ്ട് വിക്കറ്റും സാദിയ ഇഖ്ബാല്‍ ഒരു വിക്കറ്റുമെടുത്തു. ടോസ് നേടിയ പാകിസ്താന്‍ നായിക ബിസ്മ മാറൂഫ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. 55 പന്തില്‍ ഏഴ് ഫോറുകളടക്കം 68 റണ്ണുമായി പുറത്താകാതെനിന്ന മാറൂഫ് തന്നെയാണു പാകിസ്താനെ മികച്ച സ്‌കോറിലെത്തിച്ചത്. അയേഷ അമീനും (25 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം പുറത്താകാതെ 43) ബിസ്മയും ചേര്‍ന്നാണു പാകിസ്താനെ തകര്‍ച്ചയില്‍നിന്നു രക്ഷിച്ചത്. ഓപ്പണര്‍മാരായ മുനീബ അലി (12), ജാവരിയ ഖാന്‍ (എട്ട്), നിദാ ദാര്‍ (0), സിദ്ര അമീന്‍ (11) എന്നിവര്‍ നിരാശപ്പെടുത്തി. ഇന്ത്യക്കു വേണ്ടി രാധാ യാദവ് രണ്ട് വിക്കറ്റും ദീപ്തി ശര്‍മ, പൂജാ വസ്ത്രാകര്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. ജമീമ റോഡ്രിഗസാണു മത്സരത്തിലെ താരം.
മറ്റു മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്‍ ഓസ്‌ട്രേലിയും ഇംഗ്ല ണ്ടും ജയിച്ചു. ഗ്രൂപ്പ് വണ്ണിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ന്യൂസിലന്‍ഡിനെ 97 റണ്ണിനു തോല്‍പ്പിച്ചു. ഗ്രൂപ്പ് 2 മത്സരത്തില്‍ ഇം ണ്ട് വെസ്റ്റിന്‍ഡീസിനെ ഏഴ് വിക്കറ്റിനും തോല്‍പ്പിച്ചു.
ന്യൂസിലന്‍ഡിനെതിരേ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഒന്‍പത് വിക്കറ്റിന് 173 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 14-ാം ഓവറില്‍ 76 റണ്ണിന് ഓള്‍ഔട്ടായി. മൂന്ന് ഓവറില്‍ 12 റണ്‍ വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ആഷ്‌ലീഗ് ഗാര്‍ഡ്‌നറാണു ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മെഗാന്‍ ഷ്റ്റ്‌സ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടു. സൂസി ബേറ്റ്‌സ് (0), നായിക കൂടിയായ സോഫിയ ഡെവിന്‍ (0) എന്നിവരാണു പുറത്തായത്. ഇംഗ്ല ണ്ടിനെതിരേ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ഏഴ് വിക്കറ്റിന് 135 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇം ണ്ട് കളി തീരാന്‍ 33 പന്തുകള്‍ ശേഷിക്കേ 138 റണ്ണെടുത്തു. നാറ്റ് ഷീവര്‍ ബ്രന്റ് (30 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം പുറത്താകാതെ 40), നായിക ഹീതര്‍ നൈറ്റ് (22 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം പുറത്താകാതെ 32) എന്നിവരാണു വിജയ ശില്‍പ്പികള്‍.

