ന്യൂയോര്‍ക്ക്: പ്രചാരണ വീഡിയോയില്‍ ഗൂഗിളിന്റെ ബാര്‍ഡിനു പിഴച്ചു; നഷ്ടം 8.25 ലക്ഷം കോടി രൂപ. ബാര്‍ഡിന്റെ വിജയത്തെക്കുറിച്ചുള്ള സംശയം ഗൂഗിള്‍ ആല്‍ഫബെറ്റിന്റെ ഓഹരി വില ഒന്‍പത് ശതമാനമാണു കുറച്ചത്. ഗൂഗിള്‍ തിരിച്ചടി നേരിടുന്നതിനിടെ വിപണിയില്‍ ആധിപത്യം ഉറപ്പിക്കാന്‍ മൈക്രോസോഫ്റ്റ് നീക്കം തുടങ്ങി. ഗൂഗിള്‍ സേര്‍ച്ച് എന്‍ജിനു ബദലായി ബിങ്ങിനെ ഉയര്‍ത്തിക്കൊണ്ടുവരാനാണു നീക്കം. ചാറ്റ്ജി.പി.ടിയുടെ പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്ന ബിങ് സേര്‍ച്ച് എന്‍ജിന്‍ ഇന്നലെ മൈക്രോസോഫ്റ്റ് അവതരിപ്പിച്ചു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സി(നിര്‍മിത ബുദ്ധി)ന്റെ പിന്‍ബലമുള്ള സേര്‍ച്ച് എന്‍ജിനെ ഉപയോക്താക്കള്‍ ആവേശത്തോടെ സ്വീകരിക്കുമെന്നാണു മൈക്രോസോഫ്റ്റിന്റെ പ്രതീക്ഷ. മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ക്ക് മൂന്ന് ശതമാനം വില കൂടുകയും ചെയ്തു. പ്രസന്റേഷനിലെ പിഴവാണു ഗൂഗിള്‍ ബാര്‍ഡിനു തിരിച്ചടിയായത്. നാസയുടെ ജയിംസ് വെബ് ദൂരദര്‍ശിനിയുടെ പുതിയ കണ്ടെത്തലുകളെക്കുറിച്ചായിരുന്നു ചോദ്യം. മറുപടിയില്‍ യൂറോപ്യന്‍ സതേണ്‍ ഒബ്സര്‍വേറ്ററിയുടെ ദൂരദര്‍ശിനിയെടുത്ത ചിത്രമാണ് ഉള്‍ക്കൊള്ളിച്ചത്. നിര്‍മിതി ബുദ്ധിക്കു സംഭവിച്ച പിഴവ് വാര്‍ത്തയാകുകയായിരുന്നു.
ഈ അവസരമാണു മൈക്രോസോഫറ്റ് മുതലെടുത്തത്. ചാറ്റ്ജി.പി.ടിയുടെ പിന്‍ബലമുള്ള എഡ്ജ് ബ്രൗസറും ഉടന്‍ അവതരിപ്പിക്കും. ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്യുമ്പോള്‍ സൈറ്റുകളുടെ പട്ടിക മാത്രം നല്‍കുന്നതിനു പകരം സേര്‍ച്ച് ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള ലഘുവിവരണം നല്‍കാനും ഇനി ബിങ് സേര്‍ച്ച് എന്‍ജിനാകും. ഷോപ്പിങ്ങിനു സഹായകമായ വിവരങ്ങള്‍ നല്‍കാനും ചാറ്റ്ജി.പി.ടി. വഴി ബിങ്ങിനു കഴിയുമെന്നു െമെക്രോസോഫ്റ്റ് പറയുന്നു. റീഇന്‍ഫോഴ്സ്മെന്റ് ലേണിങ് ഫ്രം ഹ്യൂമന്‍ ഫീഡ്ബാക്ക് (ആര്‍.എല്‍.എച്ച്.എഫ്.) ആണു ചാറ്റ്ജിപിടിയുടെ കരുത്ത്. മനുഷ്യ സംഭാഷണം അനുകരിക്കാനും തുടര്‍ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ചാറ്റ്ജി.പി.ടിക്കാകും. തെറ്റുകള്‍ സമ്മതിക്കാനുള്ള കഴിവാണു വലിയ പ്രത്യേകത. തെറ്റായ വാക്കുകളെ തള്ളിക്കളയാനും അനുചിതമായ അഭ്യര്‍ത്ഥനകള്‍ നിരസിക്കാനും ചാറ്റ്ജി.പി.ടിക്ക് കഴിവുണ്ട്. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഓപ്പണ്‍ എ.ഐയാണു ചാറ്റ്ജി.പി.ടി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. എലോണ്‍ മസ്‌കിനെപ്പോലുള്ള കോടീശ്വരരുടെ പിന്തുണയും ലഭിച്ചു. പദ്ധതി വിജയമായതോടെയാണു മൈക്രോസോഫ്റ്റ് പണം നിക്ഷേപിച്ചത്. കൌഡ് കമ്പ്യൂട്ടിങ്, ടീംസ് തുടങ്ങിയ സോഫ്റ്റ്വേറുകളിലും ചാറ്റ്ജി.പി.ടിയെ ഉള്‍ക്കൊള്ളിക്കാനുള്ള ശ്രമമാണു മൈക്രോസോഫ്റ്റ് നടത്തുന്നത്. മൊെബെല്‍ ഫോണുകള്‍ക്കാതി ചാറ്റ്ജി.പി.ടിയുടെ പിന്‍ബലമുള്ള എഡ്ജ് ബ്രൗസറും ഏതാനും ദിവസങ്ങള്‍ക്കകം മൈക്രോസോഫ്റ്റ് പുറത്തിറക്കും. ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ആധിപത്യം തടയുകയാണു ലക്ഷ്യം.
നേരത്തെ മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്സ്പ്ലോററായിരുന്നു ബ്രൗസര്‍ മേഖലയിലെ ഒന്നാമന്‍. എക്സ്പ്ലോററിനെ തകര്‍ത്താണു ഗൂഗിള്‍ ക്രോം ആധിപത്യം ഉറപ്പിച്ചത്. മൈക്രോസോഫ്റ്റിന്റെ മൊെബെല്‍ ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തെ പിന്നീട് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് തകര്‍ക്കുകയും ചെയ്തു. ഈ തിരിച്ചടികള്‍ക്കുള്ള മറുപടിക്കാണു ബില്‍ഗേറ്റ്സും കൂട്ടരും ഒരുങ്ങുന്നത്. ഏറെ പ്രതിക്ഷയോടെയാണു ചാറ്റ്ജി.പി.ടിക്ക് ബദലായി ബാര്‍ഡിനെ ഏതാനുംദിവസം മുമ്പ് ഗൂഗിള്‍ അവതരിപ്പിച്ചത്. എന്നാല്‍, ബാര്‍ഡിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാന്‍ ഗൂഗിള്‍ തയാറായിരുന്നില്ല. പ്രസന്റേഷനു മുമ്പ് തന്നെ ബാര്‍ഡിലെ പിഴവുകള്‍ ഗൂഗിള്‍ മനസിലാക്കിയെന്നാണു സൂചന.



