ബാഗേശ്വര്‍: ദുരൂഹ സാഹചര്യത്തില്‍ മരിച്ച 15കാരിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്തു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടി ബലാംത്സംഗത്തിന് ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മരിക്കുമ്‌ബോള്‍ കുട്ടി അഞ്ച് മാസം ഗര്‍ഭിണിയായിരുന്നു.
കുട്ടിയുടെ മരണം ആത്മഹത്യയാണെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ ജില്ലയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പിരിഞ്ഞു താമസിക്കുന്നവരാണ്. ഇരുവരും രണ്ട് ഗ്രാമങ്ങളിലാണ്. കുട്ടി മുത്തശ്ശിക്കൊപ്പമാണ് താമസം. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. തനിക്ക് സുഖമില്ലെന്നും മുത്തശ്ശിയോട് പറഞ്ഞു. പിന്നാലെ കുട്ടിയെ തൊട്ടടുത്ത ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. ഇതോടെ കൂടുതല്‍ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറാന്‍ പരിശോധിച്ച ഡോക്ടര്‍ ഇവര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.
എന്നാല്‍ കുട്ടിയേയും കൊണ്ട് മുത്തശ്ശി നേരെ വീട്ടിലേക്ക് തന്നെ പോകുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. ഇക്കാര്യം അറിഞ്ഞ് കുട്ടിയുടെ അച്ഛന്‍ വന്ന് 15കാരിയെ ശകാരിച്ച് തിരിച്ചു പോയി. മറ്റൊരു ഗ്രാമത്തിലുള്ള അമ്മ ഈ വിവരങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുത്തശ്ശിയും മറ്റ് ബന്ധുക്കളും രഹസ്യമായി കുട്ടിയെ അടക്കം ചെയ്യുകയായിരുന്നു. കുട്ടി മരിച്ചത് പോലും അമ്മ പിന്നെയാണ് അറിയുന്നത്. സംഭവം അറിഞ്ഞെത്തിയ ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് കുട്ടിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്തത്. പരാതിയില്‍ ആത്മഹത്യാ പ്രേരണ, ബലാത്സംഗം, പോക്സോ നിയമങ്ങള്‍ പ്രകാരം കേസെടുത്തു.

