മരട്/ഏറ്റുമാനൂര്‍: കോട്ടയത്തും എറണാകുളത്തുമായി മൂന്നു കണ്ടെയ്‌നര്‍ ലോറികളില്‍നിന്നു ചീഞ്ഞഴുകിയ മത്സ്യം പിടികൂടി. എറണാകുളം മരടില്‍ ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലുള്ള രണ്ട് ലോറികളില്‍നിന്നാണുമത്സ്യം പിടിച്ചത്. ദേശീയ പാതയില്‍ കുണ്ടന്നൂര്‍ ജങ്ഷന് വടക്ക് വശത്തായി വികാസ് നഗറില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറികളില്‍ ബോക്‌സുകളിലായാണ് പുഴുവരിച്ച്, കടുത്ത ദുര്‍ഗന്ധം വമിക്കുന്ന നിലയില്‍ മത്സ്യം കണ്ടെത്തിയത്.
ഫ്രീസിങ് സൗകര്യമില്ലാത്ത ലോറിയിലാണ് ചെക്ക് പോസ്റ്റുകള്‍ കടന്ന് മരടിലെത്തിയത്. ദുര്‍ഗന്ധത്തെത്തുടര്‍ന്ന് സമീപത്തെ വ്യാപാരി വിവരം നഗരസഭാ അധികൃതരെ അറിയിക്കുകയായിരുന്നു. നഗരസഭ ചെയര്‍മാന്‍ ആന്റണി ആശാന്‍പറമ്പില്‍, ആരോഗ്യ വിഭാഗം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. ചന്ദ്രകലാധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജേക്കബ്‌സണ്‍ എന്നിവരുടെ നേതൃത്വത്തില്‍ നഗരസഭാ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി. രണ്ട് ലോറികളിലെയും ജീവനക്കാര്‍ ക്യാബിന്‍ പൂട്ടി സ്ഥലം വിട്ടിരുന്നു. സ്ഥലത്തെത്തിയ പലരും കടുത്ത ദുര്‍ഗന്ധം മൂലം ഛര്‍ദിക്കുന്ന അവസ്ഥയിലായി. ഇന്നലെ രാവിലെയും കണ്ടെയ്‌നറില്‍ നിന്ന് മീന്‍ വില്‍പ്പനയ്ക്കായി ചെറു വാഹനങ്ങളില്‍ കൊണ്ടുപോയതായി നാട്ടുകാര്‍ പറഞ്ഞു.
തൃപ്പൂണിത്തുറയില്‍നിന്നും കളമശേരിയില്‍ നിന്നുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരും മരട് പോലീസും സ്ഥലത്തെത്തി.
പ്രാഥമിക പരിശോധനയില്‍ ഉപയോഗ ശൂന്യമായ രണ്ടാഴ്ച്ചയോളം പഴകിയ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി ഭക്ഷ്യ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥ ഷംസിയ അറിയിച്ചു. നാലായിരം കിലോ മത്സ്യം ഒഴിഞ്ഞസ്ഥലത്ത് കുഴിയെടുത്ത് മൂടി. കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു. ഏറ്റുമാനൂര്‍ ചിറക്കുളത്തിനു സമീപം മൂന്നു ടണ്‍ പഴകിയ മത്സ്യമാണു നഗരസഭ ആരോഗ്യ വിഭാഗം പിടികൂടിയത്. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറി മൂന്നു ദിവസമായി ലോറി ചിറക്കുളത്തിന്റെ സമീപത്ത് പാര്‍ക്കു ചെയ്തിരിക്കുകയായിരുന്നു. ഇന്നലെ െവെകിട്ട് 6.30 നു വണ്ടിയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നഗരസഭ ആരോഗ്യ വിഭാഗത്തെയും പോലീസിനെയും വിവരമറിയിച്ചത്. പരിശോധനയില്‍ മത്സ്യം പഴകിയതാണെന്നു തിരിച്ചറിഞ്ഞു. തമിഴ്‌നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

