തിരുവനന്തപുരം: സ്വപ്‌നയും സന്ദീപും അഴികള്‍ക്കുള്ളിലായതോടെ സ്വര്‍ണക്കടത്തു കേസ് അടുത്ത ഘട്ടത്തിലേക്കു കടന്നിരിക്കുകയാണ്. ഇവരെ ചോദ്യംചെയ്തു കിട്ടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും കസ്റ്റംസിന്റെയും എന്‍ഐഎയുടേയും അടുത്ത നീക്കം. നിയമം ലംഘിച്ച് ഡിപ്ലോമാറ്റ് ചാനലിലൂടെ സ്വര്‍ണം കടത്തിയെന്ന നികുതിവെട്ടിപ്പിന്റെ നിലവിട്ട് കേസിന് വന്‍ റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് മനസിലായത് സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികളില്‍നിന്നായിരുന്നു. സിബിഐ, എന്‍ഐഎ, ഇന്റര്‍പോള്‍ ഏത് അന്വേഷണം കേന്ദ്രം പ്രഖ്യാപിച്ചാലും സംസ്ഥാന സര്‍ക്കാര്‍ അതിനോട് സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചതോടെ പന്ത് കേന്ദ്രത്തിന്റെ കോര്‍ട്ടിലേക്ക് മാറി.
എന്‍ഐഎ പൊടുന്നനെ അന്വേഷണം ഏറ്റെടുത്തതിന് പിന്നില്‍ സ്വര്‍ണക്കടത്തു കേസിലെ ഒന്നാംപ്രതി പി എസ് സരിത്തിന്റെയും നാലാംപ്രതി സന്ദീപ് നായരുടെയും ഭാര്യമാരുടെ രഹസ്യമൊഴിയായിരുന്നു. സ്വപ്‌നയ്ക്കു പുറമേ ഇവര്‍ പറഞ്ഞ് മറ്റു രണ്ടുപേരാണ് എല്ലാം മാറ്റിമറിച്ചത്. ഇവരുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് സ്വര്‍ണക്കടത്തിനു ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന സൂചന ലഭിച്ചത്. ഈ ഗുരുതര സാഹചര്യം കേന്ദ്രത്തെ അറിയിച്ചപ്പോള്‍ നേരംപുലരുംമുമ്പ് എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു.
കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം നേരിടുന്ന സംഘടനാ നേതാവ് ഹരിരാജിനേയും കസ്റ്റംസ് ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിലേക്കു വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളുടെ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
സ്വര്‍ണക്കടത്ത് കേസില്‍ മാത്രം ഒതുങ്ങാതെ കൂടുതല്‍ അറസ്റ്റുകള്‍ നടക്കാനുള്ള സാധ്യതയിലേക്കാണ് എന്‍ഐഎ വിരല്‍ചൂണ്ടുന്നത്. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിലരുടെ നീക്കങ്ങളും എന്‍ഐഎ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം സരിത്തിന്റെയും സന്ദീപിന്റെയും ഭാര്യമാരുടെ രഹസ്യമൊഴികള്‍ മജിസ്ട്രേട്ട് മുമ്പാകെ രേഖപ്പെടുത്തും. സ്വര്‍ണക്കടത്ത് മാഫിയ ഉള്ളതിനാല്‍ രണ്ടുപേരുടെയും സുരക്ഷയും ശക്തമാക്കും.
യാത്രക്കരോ വിമാന ജീവനക്കാരോ രഹസ്യമായി നടത്തുന്ന സാധാരണ സ്വര്‍ണക്കടത്ത് മാതിരിയായിരുന്നില്ല ഇത്. യുഎഇ കോണ്‍സുലേറ്റ് വഴിയാണ് സ്വര്‍ണം കടത്തിയത്. നയതന്ത്ര പരിരക്ഷയുള്ള വ്യക്തികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ അയക്കുന്നു എന്ന ലേബലില്‍ 30 കിലോ സ്വര്‍ണമാണ് അയച്ചത്. ഇത് പിടികൂടിയതോടെ കളിയാകെ മാറി. നടി ഷംന കാസിം നല്‍കിയ മൊഴിയുടെ ചുവടുപിടിച്ച് നടത്തിയ നിരീക്ഷണമാണ് ഈ സ്വര്‍ണക്കടത്തിന്റെ സൂചന ലഭിച്ചത്. കൊടുവള്ളിയിലെ സ്വര്‍ണവ്യാപാരിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ കൂടുതല്‍ വ്യക്തമാവുകയും ചെയ്തു.
പ്രതികളുടെ ഭാര്യമാരുടെ മൊഴികള്‍ക്ക് പിന്നാലെ രഹസ്യാന്വേഷണ ഏജന്‍സികളും ഭീകരബന്ധം കേന്ദ്രസര്‍ക്കാരിനെ അറിയിച്ചു. തിരുവനന്തപുരത്തെ സ്വര്‍ണക്കടത്തിന് ഐഎസ് ബന്ധമുള്ളതായി സൂചനകള്‍ ലഭിച്ചതോടെയാണ് കേസ് എന്‍ഐഎക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഐസിസ് റിക്രൂട്ട്മെന്റിന് ആവശ്യമായ പണം കള്ളക്കടത്തിലൂടെയാണ് വരുന്നുവെന്നും സൂചനയുണ്ട്. സമാനമായി കേരളത്തില്‍നിന്ന് ഐഎസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവര്‍ക്കും കള്ളക്കടത്തുമായി ബന്ധമുണ്ടെന്നും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. അന്വേഷണത്തിനായി യുഎഇയിലേക്ക് പ്രത്യേക സംഘത്തെ അയക്കുന്ന കാര്യവും കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലാണ്.
അതേസമയം ആഭ്യന്തര അന്വേഷണത്തെപ്പറ്റിയും ആലോചന നടക്കുന്നുണ്ട്. സ്വപ്‌ന സുരേഷുമായി ചില ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കു ബന്ധമുണ്ടെന്ന പ്രചാരണം മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരുട്ടില്‍ നിര്‍ത്തുകയാണെന്നും ഇതില്‍ വകുപ്പുതല അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കു കത്തുനല്‍കി. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചചെയ്ത് തുടര്‍നടപടി ആലോചിക്കുമെന്ന് ബെഹ്റ അറിയിച്ചു. സ്വപ്‌നകൂടി ഉള്‍പ്പെട്ട വ്യാജ പീഡനാരോപണം അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. കേസിന്റെ മേല്‍നോട്ടച്ചുമതല ശ്രീജിത്തിനും.

