മെല്‍ബണ്‍: സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ പുരുഷവിഭാഗം സിംഗിള്‍സ് സെമി ഫൈനലില്‍. അഞ്ചാം സീഡ് റഷ്യയുടെ ആന്ദ്രെ റൂബ്‌ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ് നാലാം സീഡായ ജോക്കോ അവസാന നാലിലെത്തിയത്. സ്‌കോര്‍: 6-1, 6-2, 6-4. നാളെ രാവിലെ ഒന്‍പതിന് നടക്കുന്ന ആദ്യ സെമിയില്‍ അമേരിക്കയുടെ ടോമി പോളാണ് ജോക്കോയുടെ എതിരാളി. നാട്ടുകാരനായ ബെന്‍ ഷെല്‍ട്ടണെ പരാജയപ്പെടുത്തിയാണ് ലോക 35-ാം നമ്പര്‍ പോളിന്റെ മുന്നേറ്റം. സ്‌കോര്‍: 7-6, 6-3, 5-7, 6-4. ഗ്രീസിന്റെ ലോക മൂന്നാം നമ്പര്‍താരം സ്‌റ്റെഫാനോസ് സിറ്റ്‌സിപാസും റഷ്യയുടെ 18-ാം സീഡ് കരെന്‍ ഖാഷനോവും തമ്മിലാണ് മറ്റൊരു സെമിപോരാട്ടം.
ഇതു 44-ാം വട്ടമാണ് മുപ്പത്തഞ്ചുകാരനായ ജോക്കോവിച്ച് ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റുകളില്‍ അവസാന നാലിലെത്തുന്നത്. റോജര്‍ ഫെഡറര്‍ മാത്രമാണ് ഇതില്‍ ജോക്കോയ്ക്കു മുന്നിലുള്ളത്. ഫെഡറര്‍ 46 ഗ്രാന്‍ഡ് സ്ലാം സെമി കളിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ 26 തുടര്‍വിജയങ്ങളെന്ന ആന്ദ്രെ ആഗസിയുടെ റെക്കോഡിനൊപ്പമാണ് ജോക്കോ. സെമി കടന്നാല്‍ ഈ നേട്ടം ജോക്കോവിച്ചിന്റെ മാത്രം പേരിലാകും. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചപ്പോഴെല്ലാം കിരീടം സ്വന്തമാക്കിയാണ് ജോക്കോയുടെ മടക്കമെന്നതും ശ്രദ്ധേയം. 10-ാം തവണയും ജേതാവാകാന്‍ കഴിഞ്ഞാല്‍ ജോക്കോവിച്ചിന്റെ കരിയറിലെ ആകെ ഗ്രാന്‍ഡ്സ്ലാമുകളുടെ എണ്ണം 22 ആയി ഉയരും.
ഓസ്‌ട്രേിലിയന്‍ ഓപ്പണിലെ ബെന്‍ ഷെല്‍ട്ടന്റെ സ്വപ്നതുല്യമായ പടയോട്ടത്തിനാണ് അമേരിക്കന്‍ സഹതാരം കൂടിയായ ടോമി പോള്‍ ക്വാര്‍ട്ടറില്‍ തിരശീലയിട്ടത്. ഇതാദ്യമായാണ് പോള്‍ ഏതെങ്കിലും സുപ്രധാന ടൂര്‍ണമെന്റിന്റെ സെമിയില്‍ കടക്കുന്നത്. ഓപ്പണ്‍ യുഗത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സെമിയിലെത്തുന്ന 24-ാമത് താരമാണ് പോള്‍. 2009-ല്‍ ആന്‍ഡി റോഡിക്കിനുശേഷം അവസാന നാലിലെത്തുന്ന ആദ്യ അമേരിക്കക്കാരനെന്ന നേട്ടവും ഇനി പോളിനു സ്വന്തം. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന വനിതാ സിംഗിള്‍സ് ആദ്യ സെമിയില്‍ 22-ാം സീഡ് എലേന റൈബാക്കിന 24-ാം സീഡ് വിക്‌ടോറിയ അസറങ്കയെ നേരിടും. 3.15 നു നടക്കുന്ന രണ്ടാം സെമിയില്‍ അഞ്ചാം സീഡ് ബെലാറൂസിന്റെ ആര്യാന സബലെങ്ക പോളണ്ടിന്റെ മാഗ്ദ ലിനറ്റും തമ്മില്‍ ഏറ്റുമുട്ടും.

