മഹാരാഷ്ട്രയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്ട്രയില്‍ പുതിയ സഖ്യം പ്രഖ്യാപിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ബി.ആര്‍. അംബേദ്കറിന്റെ പൗത്രന്‍ പ്രകാശ് അംബേദ്കറിന്റെ നേതൃത്വത്തിലുള്ള വന്‍ചിത് ബഹുജന്‍ അഘാഡി(വി.ബി.എ)യുമായാണ് ഉദ്ധവ് താക്കറെ സഖ്യമുണ്ടാക്കിയത്. ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഉദ്ധവിന്റെ നീക്കം. ഏക്നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള വിഭാഗം ശിവസേന പിളര്‍ത്തിയതിനുശേഷം മഹാരാഷ്ട്രയില്‍ നടക്കുന്ന ആദ്യ സുപ്രധാന തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനാണ് ഉദ്ധവിന്റെ ശ്രമം. രണ്ടു മാസമായി പ്രകാശ് അംബേദ്കറും ഉദ്ധവ് താക്കറെയുമായി സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നു വരികയാണ്. ബാല്‍ താക്കറെയുടെ ജന്മദിനത്തില്‍ സഖ്യം പ്രഖ്യാപിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘ജനുവരി 23, ബാലാസാഹെബ് താക്കറെയുടെ ജന്മവാര്‍ഷികമാണ്. മഹാരാഷ്ട്രയിലെ നിരവധി ആളുകള്‍ ഞങ്ങള്‍ ഒരുമിക്കണമെന്ന് ആഗ്രഹിച്ചതില്‍ എനിക്ക് സംതൃപ്തിയും സന്തോഷവുമുണ്ട്. ഞാനും പ്രകാശ് അംബേദ്കറും സഖ്യം രൂപീകരിക്കാനാണ് ഒരുമിച്ചെത്തിയത്’ -ഉദ്ധവ് താക്കറെ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

‘എന്റെ മുത്തച്ഛനും പ്രകാശ് അംബേദ്കറുടെ മുത്തച്ഛനും സഹപ്രവര്‍ത്തകരായിരുന്നു. അവര്‍ അക്കാലത്ത് സാമൂഹിക പ്രശ്നങ്ങള്‍ക്കെതിരേ പോരാടി. താക്കറെയ്ക്കും അംബേദ്കറിനും ഒരു ചരിത്രമുണ്ട്. ഇപ്പോള്‍ അവരുടെ പുതിയതലമുറകള്‍ രാജ്യത്തിന്റെ സമകാലിക പ്രശ്നങ്ങളില്‍ പോരാടാന്‍ ഇവിടെയുണ്ട്’- ഉദ്ധവ് കൂട്ടിച്ചേര്‍ത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →