മുംബൈ: സ്ഥാനമൊഴിയാന്‍ താല്‍പര്യം അറിയിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി. ശിഷ്ടകാലം വായനയും എഴുത്തുമായി ചെലവഴിക്കാനാണു ഗവര്‍ണര്‍ ആഗ്രഹിക്കുന്നതെന്ന് ഇതുസംബന്ധിച്ചു പുറത്തിറക്കിയ പ്രസ്താവനയില്‍ രാജ്ഭവന്‍ വ്യക്തമാക്കി. രാജി താല്‍പര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിച്ചിട്ടുണ്ട്. മുംബൈയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോഷിയാരി സ്ഥാനമൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്. 2019 ല്‍ ഗവര്‍ണര്‍ സ്ഥാനത്തു നിയമിതനായതു മുതല്‍ അദ്ദേഹമെടുത്ത പല തീരുമാനങ്ങളും വിവാദമാകുകയും വാര്‍ത്തകളില്‍ ഇടം പിടിക്കുകയും ചെയ്തിരുന്നു. കോഷിയാരിയുടെ നിയമനത്തിനു പിന്നാലെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലുണ്ടായ അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഒട്ടേറെ സംഘര്‍ഷങ്ങള്‍ക്കാണു വഴിതുറന്നത്.
നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിക്കുംമുമ്പ്, ദേവേന്ദ്ര ഫഡ്നാവിസിന്റെയും അജിത് പവാറിന്റെയും സത്യപ്രതിജ്ഞാച്ചടങ്ങ് നടത്തിയത് കോഷിയാരിക്കെതിരേ വന്‍ പ്രതിഷേധത്തിനു കാരണമായി. അതിനെ അതിജീവിച്ചെങ്കിലും പിന്നീടുണ്ടായ സംഭവവികാസങ്ങള്‍ അത്യന്തം നാടകീയമായിരുന്നു. പ്രതിപക്ഷത്തായിരുന്ന ഉദ്ധവ് താക്കറെ പെട്ടെന്ന് അധികാരത്തിലെത്തിയതോടെ സര്‍ക്കാരും കോഷിയേരിയും തമ്മില്‍ ഭിന്നത പതിവായി.കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ക്ഷേത്രങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ടും മുംബൈയിലെ സകിനാകയില്‍ യുവതി ബലാത്സംഗം ചെയ്യപ്പെട്ടു മരിച്ചതിനു പിന്നാലെ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച സംഭവത്തിലുമൊക്കെ ഉദ്ധവ് സര്‍ക്കാര്‍ ഗവര്‍ണറുമായി ഏറ്റുമുട്ടി. ഗോവയിലെ ഗോമാംസ വില്‍പ്പനാ വിഷയത്തില്‍ അഭിപ്രായവ്യത്യാസമുണ്ടായതിനു പുറമേ കോഷിയാരിയുടെ ഡെറാഡൂണ്‍ സന്ദര്‍ശനത്തിനു സര്‍ക്കാര്‍ വിമാനം നിഷേധിച്ചതും വന്‍ വിവാദത്തിനു വഴിവച്ചു.