മഞ്ചേരിയില്‍ എട്ടര ഹെക്ടര്‍ കണ്ടുകെട്ടി; കോഴിക്കോട്ട് 23 പേര്‍ക്ക് ജപ്തി നോട്ടീസ്

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടക്കുന്ന റവന്യു റിക്കവറിയുടെ ഭാഗമായി ജില്ലയില്‍ 23 പേര്‍ക്ക് സ്വത്ത് കണ്ടുകെട്ടല്‍ നോട്ടീസ്. ഇവരുടെ സ്ഥാവരജംഗമവസ്തുക്കള്‍ കണ്ടുകെട്ടും. ഇതിനായി ലാന്റ് റവന്യൂ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വീടുകള്‍ ഉള്‍പ്പെടെ പത്തുപേരുടെ വസ്തുവകകള്‍ റവന്യൂ റിക്കവറി തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏറ്റെടുത്തത്. കോഴിക്കോട്, താമരശേരി, കൊയിലാണ്ടി, വടകര താലൂക്കുകളിലായാണ് 23 പേരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത്. നഷ്ടപരിഹാരത്തുക അടയ്ക്കുന്നതിനായി ഇവര്‍ക്ക് 15 ദിവസം അനുവദിക്കുമെന്ന് കോഴിക്കോട് റവന്യൂ റിക്കവറി തഹസില്‍ദാര്‍ അറിയിച്ചിട്ടുണ്ട്. പതിനഞ്ച് ദിവസത്തിനകം ഹര്‍ത്താലിലെ നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ വസ്തുവകകള്‍ സ്ഥിരമായി സര്‍ക്കാരിലേക്ക് ഏറ്റെടുക്കും. ജില്ലയില്‍ ഫറോക്ക് വാലഞ്ചേരി പറമ്പ് അമ്പലത്ത് വീട്ടില്‍ അബ്ദുള്‍ ബഷീറിന്റെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് ഒളവണ്ണ മുള്ളന്‍കണ്ടി അന്‍വര്‍ ഹുസൈന്‍, കോഴിക്കോട് നെല്ലിക്കോട് കുളങ്ങര വീട് മീത്തല്‍ കൂമന്‍ കുറുമ്പയില്‍ അബ്ദുല്‍ കബീര്‍, മാവൂര്‍ തയ്യില്‍ മുനീറിന്റെ പേരിലുള്ള മൂന്ന് സ്ഥലം, മാവൂര്‍ പെരുവയല്‍ പൂവാട്ടുപറമ്പ് പുതുയോട്ടില്‍ ഒറ്റയില്‍ അഹമ്മദ് കുട്ടിയുടെ പേരിലുള്ള രണ്ട് സ്ഥലം, കോഴിക്കോട് കച്ചേരി വില്ലേജിലെ തിരുത്തിയില്‍ നാലു കൂടി പറമ്പ് ഉസ്മാന്‍, പടനിലം ആരാമ്പ്രം മാളിയേക്കല്‍ ഇസ്മായില്‍, തൃശ്ശൂര്‍ പെരുമ്പിലാവില്‍ യഹിയാ തങ്ങളുടെ കൊയിലാണ്ടി വില്ലേജിലെ സ്ഥലം, കാസര്‍കോട് സ്വദേശി സി.ടി. സുലൈമാന്റെ പേരിലുള്ള ട്രസ്റ്റ്, പേരാമ്പ്ര മേഞ്ഞണ്യം കോവുപുറത്ത് മുഹമ്മദ് അഷ്‌റഫിന്റെ പേരിലുള്ള പേരാമ്പ്രയിലെ മൂന്ന് സ്ഥലം, വടകര അഴിയൂര്‍ വില്ലേജിലെ കുനിയില്‍ സമീര്‍, കൊടുവള്ളി രാരോത്ത് ചാലില്‍ സുബൈര്‍, പടനിലം മാളിയേക്കല്‍ തറവട്ടത്ത് ടി.എം. ഇസ്മായിലിന്റെ പേരിലുള്ള രണ്ട് സ്ഥലം എന്നിങ്ങനെയാണ് 23 സ്ഥലങ്ങളുടെ വസ്തുവകകള്‍ കണ്ടുകെട്ടുന്നത്.

പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന തൃശ്ശൂര്‍ പെരുമ്പിലാവ് അഥീന ഹൗസില്‍ യഹിയകോയ തങ്ങളുടെ കൊയിലാണ്ടി നഗരസഭ ബസ് സ്റ്റാന്‍ഡ് ലിങ്ക് റോഡിലെ ഡാലിയാ പ്ലാസ കെട്ടിടത്തിലും നോട്ടീസ് പതിച്ചിട്ടുണ്ട്. ഇവിടെയുള്ള 42 മുറികള്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അവശേഷിക്കുന്നവ യഹിയ തങ്ങളുടെ പേരിലാണ്. ഹര്‍ത്താലില്‍ വരുത്തിയ 5.2 കോടി രൂപയും 12 ശതമാനം പലിശയും അടയ്ക്കാത്തത് സംബന്ധിച്ചാണ് നോട്ടീസ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗമായ ഇദ്ദേഹം മാനേജിങ്ങ് ഡയറക്ടറായ ഡാലിയ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരില്‍ 32 സെന്റ് സ്ഥലത്താണ് കെട്ടിടം പണിതത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →