കോട്ടയം: തിരുവല്ലയില്‍ തിരക്കേറിയ റോഡില്‍ ഒരു വയോധികനെ സഹായിക്കുന്ന യുവതിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. റോഡില്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുന്ന അന്ധനായ വയോധികനെ സഹായിക്കുന്ന ഒരു യുവതിയാണ് വീഡിയോയില്‍. അദ്ദേഹത്തിന്റെ അടുത്തെത്തി എന്തോ ചോദിച്ച യുവതി അതുവഴി വന്ന കെഎസ്ആര്‍ടിസി ബസിന് കൈ കാണിക്കുന്നു. കുറച്ച് മുമ്പിലേക്ക് കയറിയാണ് ബസ് നിര്‍ത്തിയത്. വയോധികനെ ആ വഴിയരികില്‍ ഒതുക്കി സുരക്ഷിതമായി നിര്‍ത്തിയശേഷം ബസിനരികിലേക്ക് ഓടി വന്ന് കണ്ടക്ടറോട് എന്തോ പറയുന്നു. പിന്നീട് തിരികെപോയ വയോധികനെ കൈപിടിച്ച് കൊണ്ടു വന്ന് ബസില്‍ കയറ്റി മടങ്ങുന്നു.
ഈ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടത്തിനു മുകളില്‍നിന്നാണ് ആരോ പകര്‍ത്തിയതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതും. കോട്ടയം തുകലശ്ശേരി സ്വദേശിയായ സുപ്രിയ സുരേഷാണ് ഈ വൈറല്‍ വീഡിയോയിലൂടെ പ്രശസ്തയായ വനിത. തിരുവല്ലയിലെ പ്രമുഖ വസ്ത്രവ്യാപാരശാലയിലെ ജീവനക്കാരിയായ സുപ്രിയ ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ഭര്‍ത്താവിനെ കാത്തുനില്‍ക്കുകയാണ്. അപ്പോള്‍ തിരക്കേറിയ റോഡിനു നടുവിലൂടെ കണ്ണുകാണാന്‍ വയ്യാത്ത ഒരു വയോധികന്‍ പ്രാഞ്ചി പ്രാഞ്ചി മറുവശത്തേക്ക് പോകാന്‍ പാടുപെടുന്നു. ആരും നോക്കുന്നില്ല, ആരും സഹായിക്കാന്‍ തയ്യാറാവുന്നുമില്ല.
ഇനി സുപ്രിയയുടെ വാക്കുകളിലൂടെ: കാറും ബൈക്കും ചീറിപ്പാഞ്ഞ് പോകുന്ന ആ റോഡിലൂടെ അച്ഛനെപ്പോലെ ഒരാള്‍ നടക്കുന്നതു കണ്ടാണ് ഓടി അരികിലെത്തിയത്. റോഡിന് നടുവിലൂടെയായിരുന്നു അദ്ദേഹം നടന്നത്. ബൈക്കുകള്‍ അടുത്തുവന്ന് വളഞ്ഞു ചെത്തി പോകുന്നു. സുപ്രിയ ഓടി അടുത്തുചെന്ന് അദ്ദേഹത്തെ റോഡിന്റെ സൈഡിലേക്ക് മാറ്റിനിര്‍ത്തി. ഭര്‍ത്താവ് വരുമ്പോള്‍ ബൈക്കില്‍ കയറ്റി സ്റ്റാന്‍ഡിലേക്ക് വിടാമെന്നാണ് ആദ്യം ചിന്തിച്ചത്. ഉടന്‍ ബസ് വന്നു, ഓടിച്ചെന്ന് കൈകാണിച്ചു നിര്‍ത്തി. അച്ഛനിവിടുന്ന് എവിടേയും പോകല്ലേ എന്നുപറഞ്ഞ് ഓടിപ്പോയി ബസുകാരോട് കാര്യം പറഞ്ഞു. അച്ഛനെ പിടിച്ചുകൊണ്ടുവന്ന് ബസിലേക്ക് കയറ്റി. നിറഞ്ഞ മനസമാധാനത്തോടെയാണു മടങ്ങിയത്.
സമീപത്തുണ്ടായിരുന്ന ആളുകള്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുന്നതൊന്നും സുപ്രിയ അറിഞ്ഞില്ല. വയ്യാത്ത ഒരാളെ സഹായിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് അവര്‍ പറയുന്നത്. രാത്രിയോടെ സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് വീഡിയോ വൈറലായി എന്ന കാര്യംതന്നെ അറിയുന്നത്. വീഡിയോ കണ്ട് തന്റെയും കണ്ണ് നിറഞ്ഞുപോയെന്ന് സുപ്രിയ പറയുന്നു.
ഇതെല്ലാം കണ്ടുനിന്നവരാണ് ഈ രംഗങ്ങളൊക്കെ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം വൈറലായി. പിന്നീട് സോഷ്യല്‍ മീഡിയ നടത്തിയ അന്വേഷണത്തിലാണ് ആ യുവതി ആരാണെന്നു മനസിലായത്. പേര് സുപ്രിയ. തിരുവല്ലയില്‍ ഒരു വസ്ത്ര വ്യാപാരശാലയിലെ സെയില്‍സ് ഗേളാണ്. തുടര്‍ന്നങ്ങോട്ട് അഭിനന്ദനങ്ങളുടെ പെരുമഴ.
ഇനി സുപ്രിയയുടെ വാക്കുകള്‍: ”ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകാന്‍ ഭര്‍ത്താവ് സുരേഷിനെ കാത്ത് നില്‍ക്കുകയായിരുന്നു. വടിയുമായി ഒരു മനുഷ്യന്‍ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. മറ്റ് മനുഷ്യരോ വാഹനങ്ങളോ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ല. താന്‍ ഓടിച്ചെന്ന് റോഡ് മുറിച്ചുകടക്കാന്‍ അദ്ദേഹത്തെ സഹായിച്ചു. എവിടേക്കാണ് പോകേണ്ടതെന്ന് ചോദിച്ചു. അപ്പോള്‍ പോകേണ്ട സ്ഥലംപറഞ്ഞു. ഉടന്‍ അങ്ങോട്ട് പോകാനുള്ള ഒരു ബസ് വന്നു. വേഗം ചെന്ന് ബസിന്റെ കണ്ടക്ടറോട് ചോദിച്ച് ഉറപ്പുവരുത്തി. വീണ്ടും വയോധികന്റെ സമീപമെത്തി കൂട്ടിക്കൊണ്ടുപോയി ബസില്‍ കയറ്റിവിട്ടു. ഇത് ചെയ്യുമ്പോള്‍ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്നോ വൈറലാവുമെന്നോ തെല്ലും കരുതിയില്ല. തന്റെ അച്ഛനാണ് വഴിയില്‍ പെട്ടുപോയതെന്ന് ഒരു നിമിഷം ഓര്‍ത്തുപോയി. അങ്ങനെ ചെയ്യേണ്ടത് ഒരു മകളുടെ കടമയാണെന്നും കരുതി, അത്രയേ ഉള്ളൂ.” ഇല്ല, ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നന്മ തീരെ ഇല്ലാതായിട്ടില്ല!

