ന്യൂഡല്‍ഹി: വിദേശത്തു നടക്കുന്ന സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ പൈലറ്റാകാന്‍ സ്ക്വാഡ്രണ്‍ ലീഡര്‍ അവനി ചതുര്‍വേദി. ഈ മാസം 16 മുതല്‍ 26 വരെ ജപ്പാനില്‍ നടക്കുന്ന വീര്‍ ഗാര്ഡിയന് 2023 വ്യോമാഭ്യാസത്തിലാണ് അവനിയും പങ്കെടുക്കുക. ഒമിറ്റാമയിലെ ഹ്യാകുരി വ്യോമതാവളം, സയാമയിലെ ഇരുമ വ്യോമതാവളം എന്നിവിടങ്ങളിലായാണ് ഇന്ത്യ-ജപ്പാന് സംയുക്ത വ്യോമാഭ്യാസം നടക്കുന്നത്.
ഇന്ത്യന്‍ വ്യോമസേനയുടെ ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് യുദ്ധവിമാനം പറപ്പിച്ച വനിതയെന്ന റെക്കോഡിനുടമായാണ് മധ്യപ്രദേശ് സ്വദേശിനിയായ അവനി. ദോലന്റ് സ്വദേശിയായ അവനി, സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ബനസ്തലി സര്‍വകലാശാലയില്‍നിന്ന് ബി.ടെക് നേടിയശേഷമാണു വ്യോമസേനയില്‍ ചേര്‍ന്നത്. വനിതകള്‍ക്കും വ്യോമസേനയില്‍ പൈലറ്റാകാമെന്ന 2015-ലെ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമാണ് അവനിക്കും പ്രയോജനകരമായത്. ഹൈദരാബാദിലെ വ്യോമസേനാ അക്കാദമിയില്‍നിന്ന് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കി. തുടര്‍ന്നാണു ഗുജറാത്തിലെ ജാംനഗറില്‍നിന്ന് ഒറ്റയ്ക്ക് മിഗ് 21 വിമാനം പറത്തി ചരിത്രം സൃഷ്ടിച്ചത്. നിലവില്‍ എസ്യു-30 എം.കെ.ഐ. യുദ്ധവിമാനമാണ് അവനി പറത്തുന്നത്. ഇന്ത്യയുടെ ആദ്യത്തെ മൂന്ന് വനിതാ യുദ്ധവിമാന പൈലറ്റുമാരില്‍ ഒരാളായ അവനി ചതുര്‍വേദി, വ്യോമാഭ്യാസത്തില്‍ പങ്കെടുക്കുന്നതിനായി ഉടന്‍ ജപ്പാനിലേക്കു പോകും. ഫ്ളൈയിങ് ഓഫീസര്‍മാരായ ഭാവന കാന്ത്, മോഹന സിങ് എന്നിവരാണ് അവനിക്കൊപ്പം യുദ്ധവിമാനം പറത്തി വ്യോമസേനയുടെയും രാജ്യത്തിന്റെയും അഭിമാനമായി മാറിയത്.

