ന്യൂഡല്‍ഹി: വിദേശ സര്‍വകലാശാലകള്‍ക്കു രാജ്യത്തു കാമ്പസുകള്‍ സ്ഥാപിക്കാനും പ്രവേശന നടപടികളും ഫീസ് ഘടനയും സ്വന്തമായി തീരുമാനിക്കാനും അനുമതി നല്‍കുന്ന കരട് മാര്‍ഗനിര്‍ദേശം യു.ജി.സി. പുറത്തിറക്കി. നേരിട്ടുള്ള, മുഴുവന്‍ സമയ കോഴ്‌സുകള്‍ക്ക് മാത്രമേ അനുമതി നല്‍കൂ. കരട് മാര്‍ഗനിര്‍ദേശങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് ജനുവരി 18 വരെ അഭിപ്രായം അറിയിക്കാം. ജനുവരി അവസാനം വിജ്ഞാപനം വന്നേക്കാം.
ഉന്നത നിലവാരത്തിലുള്ള വിദേശ സര്‍വകലാശാലകള്‍ക്കു രാജ്യത്തു പ്രവര്‍ത്തനാനുമതി നല്‍കുമെന്നു പ്രഖ്യാപിക്കുന്ന 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തിലാണ് യു.ജി.സി. മാര്‍ഗനിര്‍ദേശം തയാറാക്കിയത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഉയര്‍ന്ന ഗുണനിലവാരമുള്ള രാജ്യാന്തര വിദ്യാഭ്യാസം ഉറപ്പാക്കുമെന്ന് യു.ജി.സി. ചെയര്‍പഴ്‌സന്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു.
യു.ജി.സിയുടെ അനുമതിയില്ലാതെ വിദേശസര്‍വകലാശാലകള്‍ രാജ്യത്ത് കാമ്പസുകള്‍ സ്ഥാപിക്കരുതെന്നും കരടു നിര്‍ദേശങ്ങളില്‍ പറയുന്നു. ഫീസ് ഘടന സുതാര്യവും ന്യായയുക്തവുമാകണം.
അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന വിദേശ സര്‍വകലാശാലകള്‍, ഇന്ത്യന്‍ കാമ്പസുകളിലെ വിദ്യാഭ്യാസ നിലവാരം തങ്ങളുടെ മാതൃരാജ്യത്തേതിനു തുല്യമായിരിക്കുമെന്നു രേഖാമൂലം ഉറപ്പുനല്‍കണം. അംഗീകാരത്തിനായി വിദേശ സര്‍വകലാശാലകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം. ലഭിക്കുന്ന അപേക്ഷകള്‍ 45 ദിവസത്തിനുള്ളില്‍ പരിഗണിച്ച് യു.ജി.സി അനുമതി നല്‍കും. ഇങ്ങനെ യു.ജി.സി അനുമതി ലഭിച്ചാല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ക്യാമ്പസുകള്‍ തുറക്കണമെന്നും കരട് മാര്‍ഗരേഖയില്‍ പറയുന്നു.
രാജ്യത്ത് ആരംഭിക്കുന്ന എല്ലാ വിദേശ സര്‍വകലാശാലകള്‍ക്കും ആദ്യ ഘട്ടത്തില്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ക്ക് മാത്രമാണ് അനുമതി.പത്ത് വര്‍ഷത്തേക്കാണ് വിദേശ സര്‍വകലാശാലകള്‍ ഇന്ത്യയില്‍ ക്യാമ്പസ് തുറക്കാന്‍ ആദ്യഘട്ടത്തില്‍ അനുമതി. ഒമ്പതാം വര്‍ഷം സര്‍വകലാശാലയുടെ പ്രകടനം കണക്കിലെടുത്താകും പത്താം വര്‍ഷം തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുക. ഇതിനായുള്ള ചില നിബന്ധനകള്‍ പിന്നീട് പുറത്തിറക്കും.സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തിനായുള്ള വിദേശ വരുമാനം സ്വീകരിക്കുന്നത് നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചായിരിക്കും. ഇതെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഈ മാസാവസാനത്തോടെ അറിയിക്കുമെന്നും യു.ജി.സി. അറിയിച്ചു.