തിരുവനന്തപുരം: ഇപി ജയരാജനെതിരേ പരിഹാസവുമായി കോൺഗ്രസ് നേതാവ് വിടി ബൽറാം. ‘തളർത്താനാവില്ല ഈ യഥാർഥ സഖാവിനെ’ എന്ന കുറിപ്പോടെ ഇപി ജയരാജന്റെ ചിത്രവും പങ്കുവെച്ച് ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബൽറാമിന്റെ പരിഹാസം. സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമാണ് ഇപി ജയരാജൻ. അനധികൃത സ്വത്ത് സമ്പാദിച്ച ഇ.പി. ജയരാജൻ കണ്ണൂരിൽ വലിയ റിസോർട്ടും ആയുർവേദ സ്ഥാപനവും കെട്ടിപ്പൊക്കിയെന്നായിരുന്നു ആരോപണം.
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ജയരാജനാണ് ഇ.പിക്കെതിരേ ആരോപണം ഉന്നയിച്ചിരുന്നത്. നേരത്തെ തന്നെ താൻ ആരോപണം ഉന്നയിച്ചപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിലടക്കം മാറ്റം വരുത്തിയെന്നും പി. ജയരാജൻ ആരോപിച്ചിരുന്നു. സംഭവത്തിൽ അന്വേഷണവും നടപടിയും വേണമെന്നും പി ജയരാജൻ ആവശ്യപ്പെട്ടിരുന്നു.അതേസമയം ഇപിക്കെതിരായി ആരോപണം ഉയർന്നത് വ്യാജവാർത്തായാണോയെന്ന ചോദ്യത്തിന് പാർട്ടിക്കകത്ത് നടന്ന ചർച്ചകൾ പുറത്ത് പങ്കുവെക്കാനാഗ്രഹിക്കുന്നില്ലെന്ന മറുപടിയാണ് പി ജയരാജൻ നൽകിയത്.
തെറ്റായ പ്രവണതകൾക്ക് എതിരായ ഉൾപ്പാർട്ടി സമരം സ്വാഭാവികമായും നടക്കും. പാർട്ടി യോഗത്തിൽ എത്രയോ ആളുകൾ സംസാരിച്ചിട്ടുണ്ട്. അത് മാദ്ധ്യമങ്ങളുമായി പങ്കുവെക്കുന്നത് ശരിയല്ല. പാർട്ടിയെടുത്ത തീരുമാനമാണ് മാധ്യമങ്ങളും ജനങ്ങളുമായി പങ്കുവെക്കുന്നത്. അത് പാർട്ടി സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു

