തിരുവനന്തപുരം: വൻവിവാദമായ സോളാർ പീഡന കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകുന്ന നാലാമത്തെ കോൺഗ്രസ് നേതാവായി കെ സി വേണുഗോപാൽ. വേണുഗോപാലിനെതിരായ പരാതിക്കാരിയുടെ ആരോപണങ്ങൾ വ്യാജമാണെന്നാണ് സിബിഐയുടെ കണ്ടെത്തി. . ഇത് സംബന്ധിച്ച് തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി.
കേന്ദ്രമന്ത്രിയായിരിക്കെ സംസ്ഥാന മന്ത്രിയായിരുന്ന എ പി അനിൽകുമാറിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ വെച്ച് വേണുഗോപാൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. പീഡനസമയത്ത് ധരിച്ചതായി പറയുന്ന രണ്ട് സാരികളും പരാതിക്കാരി ഹാജരാക്കിയിരുന്നു. എന്നാൽ ശാസ്ത്രീയപരിശോധന കൂടി നടത്തിയാണ് പരാതി സിബിഐ തള്ളുന്നത്. വേണുഗോപാൽ പീഡിപ്പിക്കുന്നത് ഒരു സാക്ഷി ചിത്രീകരിച്ചുവെന്നും ആരോപണം ഉയർന്നിരുന്നു. ഇതും വ്യാജമാണെന്ന് അന്വേഷണ റിപ്പോർട്ടിലുണ്ട്.
നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ എന്നിവർക്ക് കേസിൽ സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. സോളാർ തട്ടിപ്പ് വിവാദങ്ങൾക്ക് പിന്നാലെ വലിയ രാഷ്ട്രീയ ബോംബായാണ് പീഡന വിവാദം ഉയർന്നത്. പരാതിയിൽ ആദ്യം കേസെടുത്തത് ക്രൈംബ്രാഞ്ചായിരുന്നു. പ്രത്യേക സംഘത്തെ വെച്ചുള്ള അന്വേഷണം തെളിവൊന്നുമില്ലാതെ ഇഴയുന്നതിനിടെയാണ് പിണറായി സർക്കാർ കേസ് സിബിഐക്ക് കൈമാറിയത്. എന്നാൽ, പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തിയാണ് അടൂർ പ്രകാശ്, ഹൈബി ഈഡൻ, എ പി അനിൽകുമാർ എന്നിവർക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രെ്ട്ടറിയായ കെ സി വേണുഗോപാലിനെതിരായ കേസിലെ സിബിഐയുടെ നിലപാട് എന്തായിരിക്കുമെന്നതിന് കൂടുതൽ രാഷ്ട്രീയപ്രാധാന്യം കൂടി ഉണ്ടായിരുന്നു. സോളാർ പീഡനപരാതിയിൽ ഇനി ഉമ്മൻചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരായ കേസുകളിലാണ് റിപ്പോർട്ട് നൽകാനുള്ളത്. രണ്ടും കേസ് അന്വേഷണവും അവാസനഘട്ടത്തിലാണ്. സംസ്ഥാന പൊലീസ് അന്വേഷണം എങ്ങുമെത്താതിരിക്കെ ഒന്നാം പിണറായി സർക്കാർ കേസ് സിബിഐക്ക് വിട്ടത് വലിയ ചർച്ചയായിരുന്നു