ആഗ്ര: താജ്മഹലിന് വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണമെന്നാവശ്യപ്പെട്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്ക് പുതിയ നോട്ടിസ് അയച്ച് എഎംസി (ആഗ്ര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍). കെട്ടിട നികുതി അടക്കണമെന്നാവശ്യാപ്പെട്ട് എഎംസി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് നോട്ടിസ് അയച്ചതിന് പിന്നാലെയാണ് വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും ആവശ്യപ്പെട്ടുള്ള പുതിയ നോട്ടിസ്. നികുതിയിനത്തില്‍ 1.96 കോടി രൂപ അടക്കണമെന്നാണ് എഎംസി നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളെയും വീട്ടുനികുതിയില്‍ നിന്നും ജലനികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് എഎസ്ഐയെ (ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ) ഞെട്ടിച്ച് കൊണ്ടുള്ള പുതിയ നോട്ടിസ്. സംഭവം എഎസ്ഐയെ കൂടുതല്‍ ആശങ്കയിലാക്കിയിരിക്കുകയാണ്.
അതേസമയം താജ്മഹല്‍ അടക്കമുള്ള സ്മാരകങ്ങളെ സംരക്ഷിക്കുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ ചുമതലയെന്ന് സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് രാജ്കുമാര്‍ പട്ടേല്‍ പറഞ്ഞു. നിയമപ്രകാരം താജ്മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളെ ഇത്തരം നികുതികളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതല്ലെ എന്ന ചോദ്യത്തിന് വിഷയത്തില്‍ കൂടുതല്‍ പരിശോധന നടത്തി വിവരം നല്‍കാമെന്നും ജല വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സതീഷ് കുമാര്‍ പറഞ്ഞു.
താജ്മഹലിന് വീണ്ടും നികുതി; വാട്ടര്‍ ബില്ലും മലിനജല മാനേജ്മെന്റ് ബില്ലും അടക്കണം
