60 കേസുകളിലെ പ്രതിയായ ക്രിമിനല്‍ നടത്തിയ രക്തസ്‌നാനം; എട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു, കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥ് ഉത്തരവിട്ടു

കാണ്‍പൂര്‍: 60ഓളം കേസുകളിലെ പ്രതിയായ ക്രിമിനല്‍ നടത്തിയ രക്തസ്‌നാനം. കാണ്‍പൂരിലെ ദിര്‍കു ഗ്രാമത്തില്‍ വ്യാഴാഴ്ച രാത്രിയിലായിരുന്നു ഗുണ്ടകളുടെ സംഘം പോലീസ് സംഘത്തെ വെടിവെച്ചു കൊലപ്പെടുത്തിയത്. ഡിഎസ്പി ദേവേന്ദ്ര മിശ്രയും മൂന്ന് സബ് ഇന്‍സ്പെക്ടര്‍മാരും നാലു കോണ്‍സ്റ്റബിള്‍മാരുമാണ് മരിച്ചത്. സംഭവത്തില്‍ അഞ്ചു പോലീസുകാരും ഒരു ഹോംഗാര്‍ഡും ഒരു സ്‌റ്റേഷന്‍ ഓഫീസറും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്. ഹോംഗാര്‍ഡിന്റെ നില അത്യന്തം ഗുരുതരമാണ്. 60-ലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബെ എന്നയാളെ അറസ്റ്റ് ചെയ്യാന്‍ ചൗബയൂര്‍ സ്റ്റേഷനില്‍നിന്നാണ് പോലീസുകാര്‍ ഗ്രാമത്തിലെത്തിയത്.

ഒളിത്താവളത്തില്‍ എത്തിയ പോലീസ് ഗുണ്ടാനേതാവിനരികിലേക്ക് നീങ്ങുമ്പോള്‍ തുടര്‍ച്ചയായി ബുള്ളറ്റുകള്‍ പ്രവഹിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകളില്‍നിന്നായിരുന്നു വെടിവയ്പ്പുണ്ടായത്. സംഭവത്തിനുപിന്നില്‍ കൊടും ക്രിമിനലുകളാണെന്ന് പോലീസ് പറഞ്ഞു. നേരത്തേ ഒളിത്താവളത്തിലേക്ക് പോലീസ് എത്താതിരിക്കാന്‍ ഗുണ്ടാസംഘം മാര്‍ഗതടസ്സം ഉണ്ടാക്കിയിരുന്നു. ക്രിമിനല്‍സംഘം കെട്ടിടത്തിന്റെ മുകളില്‍നിന്നു വെടിവയ്ക്കുമെന്ന് പോലീസ് കരുതിയിരുന്നില്ല. ബിജെപി നേതാവ് സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസുള്‍പ്പെടെ നിരവധി കേസുകളില്‍ ദുബൈ പ്രതിയാണ്. രാജ്നാഥ് സിങ് മുഖ്യമന്ത്രിയായിരിക്കെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ അംഗമായിരുന്നു ശുക്ല. 2003-ലാണ് ഈ കൊലപാതകം നടക്കുന്നത്. ദൃക്‌സാക്ഷി ഇല്ലാത്തതിന്റെ പേരില്‍ കേസില്‍ നിന്ന് മുക്തനായി.

watch… https://www.pscp.tv/myogiadityanath/1lDGLybeDDqJm?t=57s

വികാസ് ദുബെയുടെ അമ്മ സരള ദുബെ വികാസിന്റെ സഹോദരന്‍ ദീപുവിന്റെ കൂടെയാണ് താമസിക്കുന്നത്. പോലീസ് അവരെ കാണാന്‍ ചെന്നപ്പോള്‍ പറഞ്ഞത് ആശ്ചര്യമുണ്ടാക്കുന്ന കാര്യങ്ങളാണ്. അവര്‍ പറഞ്ഞത് ഇപ്രകാരമാണ്. ‘തെറ്റായ ഈ വഴി ഉപേക്ഷിക്കാന്‍ കുറേ പറഞ്ഞു നോക്കി. അവന്‍ അനുസരിക്കാന്‍ തയ്യാറല്ല. അവന് ചെയ്ത തെറ്റിന് മരണശിക്ഷ പോലും ചെറുതാണ്. അവന്‍ ഭീകരനാണ്. അവനെ കോല്ലുകയാണ് വേണ്ടത്.’ ഇത് പറഞ്ഞ് അവര്‍ തേങ്ങി തേങ്ങി കരഞ്ഞു.

കുറ്റവാളികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി അദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സീനിയര്‍ എസ്പിയും ഫോറന്‍സിക് ടീമും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. യുപി പോലീസിലെ എസ്ടിഎഫ് ആണ് അന്വേഷണം നടത്തുന്നത്. രണ്ടുദിവസമായി പോലീസ് ദുബെയ്ക്കുവേണ്ടി തിരച്ചിലിലായിരുന്നു. ഇരുളിന്റെ മറവില്‍ ക്രിമിനല്‍ സംഘം ഇവിടെനിന്നു രക്ഷപ്പെട്ടു. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →