കണ്ണൂര്‍/തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഒളിയമ്പുകള്‍ക്കു നേരിട്ടുള്ള മറുപടിയുമായി ശശി തരൂര്‍. പാര്‍ട്ടിയില്‍ വിഭാഗീയപ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നു പറയുന്നവര്‍തന്നെ അതെന്താണെന്നു വ്യക്തമാക്കണമെന്നു തരൂര്‍ ആവശ്യപ്പെട്ടു. സതീശന്റെ ‘ഊതിവീര്‍പ്പിച്ച ബലൂണ്‍’ പരിഹാസത്തിന് അതേ നാണയത്തില്‍ മറുപടിയുമായാണു തരൂര്‍ മാധ്യമ്രപവര്‍ത്തകരെ കണ്ടത്. നിങ്ങള്‍ ബലൂണ്‍ ഊതിവീര്പ്പിക്കാന് വന്നതല്ലല്ലോയെന്നു ചോദിച്ച തരൂര്‍, വേണമെങ്കില്‍ ബലൂണ്‍ പൊട്ടിക്കാനുള്ള സൂചി തരാമെന്നും പരിഹസിച്ചു. കോണ്‍ഗ്രസ് എം.പിമാരെന്ന നിലയിലുള്ള കര്‍ത്തവ്യമാണു താനും എം.കെ. രാഘവനും ചെയ്യുന്നത്. ആരെയും ഭയക്കുന്നില്ല, ആരോടും എതിര്‍പ്പുമില്ല. തങ്ങള്‍ക്കെതിരായ ആരോപണങ്ങളില്‍ വിഷമമുണ്ട്. നേരിട്ട് ചോദിക്കുന്ന ആര്‍ക്കും വ്യക്തമായ മറുപടി നല്‍കും. കേരളത്തിലെവിടെയും പോകുമെന്നും തരൂര്‍ വ്യക്തമാക്കി.
വിവാദമായ മലബാര്‍ പര്യടനത്തിന്റെ ഭാഗമായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം മാധ്യമങ്ങളെക്കണ്ടത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ താന്‍ നടത്തിയ പരിപാടികള്‍ വിവാദമാക്കുന്നതെന്തിനെന്നു മനസിലാകുന്നില്ലെന്നു തരൂര്‍ തിരുവനന്തപുരത്തു പ്രതികരിച്ചു. ക്ഷണിക്കുന്ന പരിപാടികളില്‍ പങ്കെടുക്കും. ആരെയും ആക്ഷേപിച്ചിട്ടില്ല. വിവാദമുണ്ടാക്കിയവരോടാണ് അതേപ്പറ്റി ചോദിക്കേണ്ടത്. താന്‍ ഒരു ഗ്രൂപ്പിന്റെയും ആളല്ല. ഒരു ഗ്രൂപ്പ് യോഗത്തിലും പങ്കെടുത്തിട്ടില്ല. എല്ലാവരും സഹപ്രവര്ത്തകരാരണ്. ജനങ്ങളെ സേവിക്കാന്‍ മാത്രമാണ് ആഗ്രഹം. നിലപാടുകളും ആശയങ്ങളും തന്റെ പുസ്തകങ്ങളില്‍ വ്യക്തമാണ്.

