കുമളി : ഇടുക്കി ജില്ലയിലെ വിവിധങ്ങളായ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി വിവിധ മത സമുദായിക, സാംസ്കാരിക, വ്യാപാരി, കർഷക സംഘടനകളുടെ കൂട്ടായ്മ ആയ ഇടുക്കി ലാൻഡ്ഫ്രീഡം മൂവ്മെന്റ് (ILFM)കുമളി യൂണിറ്റ് രൂപീകരിക്കുന്നു.
നിയമസഭയിൽ നിയമനിർമാണത്തിലൂടെ മാത്രം പരിഹരിക്കപ്പെടേണ്ട 62ലെ ഭൂചട്ടം ഭേദഗതി ചെയ്യുവാൻ സർക്കാർ തയ്യാറാകുന്നില്ല. വന അതിർത്തിയിൽ നിന്നും 10 കിലോമീറ്റർ(എയർ ഡിസ്റ്റൻസിൽ ) ബഫർ സോൺ ദൂരപരിധി നിശ്ചയിക്കാനുള്ള വിധി വന്നിട്ട് മാസങ്ങൾ ആയിട്ടും അതിനെ മറികടക്കുവാൻ സുപ്രീംകോടതി പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കുവാൻ പോലും സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വന്യമൃഗ ശല്യം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
മുൻകാലങ്ങളിൽ കാട്ടാനകളുടെയും കുരങ്ങുകളുടെയും ശല്യമായിരുന്നെങ്കിൽ ഇപ്പോൾ പുലിഉൾപ്പെടെയുള്ള മനുഷ്യ ജീവന് ഭീഷണി ഉയർത്തുന്ന വന്യമൃഗങ്ങൾ ജില്ലയുടെ വനങ്ങളോട് ചേർന്നഅതിർത്തി പ്രദേശങ്ങളിൽ പ്രത്യക്ഷപ്പെടുന്നത് നമ്മൾ ഗൗരവമായി കാണേണ്ടതാണ് ജനവാസ മേഖലകളെ ഒഴിവാക്കുകയെന്ന അജണ്ടകളാണ് ഇതിന് പിന്നിലുള്ളത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇടുക്കി ജില്ലയിലെ കർഷകരെയും വ്യാപാരികളെയും രണ്ടാംതര പൗരന്മാരായി കാണുന്ന സർക്കാർ നിലപാടുകൾക്കെതിരെ യോജിച്ച പ്രക്ഷോഭവും നിയമ നടപടികളും തുടങ്ങേണ്ടതായിട്ടിരിക്കുന്നു.
ഈ പാശ്ചാത്തലത്തിലാണ് കുമളി പഞ്ചായത്ത് തലത്തിൽ ലാൻഡ് ഫ്രീഡം മൂവ്മെൻറ് രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. 25-11-2022 വെള്ളിയാഴ്ച 3.30. ന് കുമളി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ നടക്കുന്ന യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി ഇടുക്കി ജില്ലാപ്രസിഡന്റ് ശ്രീ സണ്ണി പൈമ്പിള്ളിൽ ഉദ്ഘാടനം ചെയ്യും. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ആർ. വിനോദ് വിഷയാവതരണം നടത്തുന്നതും, അതിജീവന പോരാട്ടവേദി ജനറൽകൺവീനർ ശ്രീ. റസാഖ് ചൂരവേലിയിൽ സംസാരിക്കുന്നതുമാണ്.

