ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ വൻ പ്രക്ഷോഭത്തിന് തയ്യാറെടുത്ത് സംഘടനകൾ: എല്ലാ ഭൂപ്രശ്നങ്ങളുടെ പിന്നിലും ഉദ്യോഗസ്ഥ, രാഷ്ട്രീയ, ഭൂമാഫിയാ സഖ്യമെന്നും സംഘടനകൾ

തൊടുപുഴ: .ഇടുക്കിയിൽ ഒന്നിന് പുറകേ മറ്റൊന്നായി ഭൂപ്രശ്നങ്ങൾ ഉണ്ടാക്കുകയും, ഒന്നും പരിഹരിക്കാതിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തെ ഭരണ രീതിക്ക് മാറ്റം വരുത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ. പുതുവർഷം ആരംഭിക്കും മുമ്പ് ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെങ്കിൽ റവന്യൂ – വനം വകുപ്പുകൾക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കുവാൻ തൊടുപുഴയിൽ ചേർന്ന വിവിധ സംഘടനാ നേതാക്കളുടെ യോഗം തീരുമാനിച്ചു.

ഡിജിറ്റൽ സർവ്വേ ആരംഭിക്കും മുമ്പ് കേരള -തമിഴ്നാട് അതിർത്തി നിർണയിച്ച് അടയാളപ്പെടുത്തുകയായിരുന്നു വേണ്ടിയിരുന്നതെന്നും, തമിഴ്നാട്ടിലെ ജനങ്ങളുടെ എതിർപ്പിന്റെ പശ്ചാത്തലത്തിൽ അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാതെ തമിഴ് നാട്ടിലെ കർഷക സംഘടനകളെ നിയമ നടപടികളിലേക്ക് തള്ളിവിട്ട് കേരളത്തിൽ അതിർത്തി വില്ലേജുകളിൽ ഭൂമിയുള്ള കർഷകരുടെ അവകാശങ്ങൾ ഇല്ലാതാക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

എല്ലാ ഭൂപ്രശ്നങ്ങളുടെ പിന്നിലും വൻ ഉദ്യോഗസ്ഥ, രാഷ്ട്രീയ, ഭൂമാഫിയാ സഖ്യമാണ്. ഇവർ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് കർഷകരെ തീരാ ദുരിതത്തിലാക്കുന്നത്. മറ്റ് ജില്ലകളിൽ നടപ്പാക്കാത്ത നടപടികൾ ഇടുക്കിയിൽ മാത്രം നടപ്പാക്കണം എന്ന വാശി ചെറുത്തു തോൽപ്പിക്കും.. . വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ചിട്ടുള്ള ഇടുക്കിലാൻ്റ് ഫ്രീഡം മൂവ് മെന്ററിന്റെ പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തി സഹകരിക്കുവാനും, വനാവകാശ നിയമപ്രകാരം അർഹതപ്പെട്ട മുഴുവൻ ഭൂമിയും ആദിവസികൾക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കുവാനും യോഗം തീരുമാനിച്ചു

പശ്ചിമഘട്ടത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പഠിക്കുവാനും, നിയമപരമായി നേരിടുവാനും, പരിഹരിക്കുവാനും വേണ്ടി രൂപീകരിച്ച ആദ്ര ( AHDRA -Agency for Human Development and Rural Apprisal) വിളിച്ച് ചേർത്ത യോഗത്തിലാണ് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് നേതാക്കൾ എത്തിയത്.ആദ്ര പ്രസിഡന്റ് പി.എ. വേലുക്കുട്ടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഇന്ത്യൻ ടീ ബോർഡംഗം അഡ്വ.ടി.കെ.തുളസീധരൻപിള്ള ഉൽഘാടനം ചെയതു.

വി.ബി.രാജൻ(കേരള. കർഷക അതിജീവന സംയുക്ത സമിതി),ഡോ. ജോസ് കുട്ടി ഒഴുകയിൽ( രാഷ്ട്രീയ കിസാൻ മഹാ സംഘ് ), റസാക്ക് ചൂരവേലിൽ (അതിജീവന പോരാട്ട വേദി), ആർ.രമേശ് (വ്യാപാരി വ്യവസായി ഏകോപന സമിതി),കെ.എ.സണ്ണി(നീതി സേന), കെ.പി.ഫിലിപ്പ്(ജനശക്തി), വി,സി വർഗീസ് (ന്യൂനപക്ഷ മോർച്ച), കെ.ജി മനോഹരൻ (ഗിരിവർഗ സംരക്ഷണസമിതി), ബിനു പുന്നയാർ(കർഷക രക്ഷാസമിതി), ഡോ. ജോണിക്കുട്ടി ഒഴുകയിൽ [മലനാട് കർഷക രക്ഷാസമിതി), കെ.ആർ സുനിൽകുമാർ, ടി.പി രാജേന്ദ്രകുമാർ, ഷൈജു മൈക്കിൾ (ആദ്ര) തുടങ്ങിയവർ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്  സംസാരിച്ചു

Share
അഭിപ്രായം എഴുതാം