കെ.സുധാകരനെതിരേ മാനനഷ്ടക്കേസ് നല്‍കും: സി.കെ. ശ്രീധരന്‍

കാഞ്ഞങ്ങാട്: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരേ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേര്‍ന്ന അഡ്വ. സി.കെ. ശ്രീധരന്‍. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ശ്രീധരന്‍ സി.പി.എമ്മുമായി ഒത്തുകളിച്ചുവെന്ന പരാമര്‍ശത്തിനെതിരേയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്. നോട്ടീസ് ചൊവ്വാഴ്ച അയക്കും.

കഴിഞ്ഞദിവസം കാസര്‍ഗോഡ് ചിറ്റാരിക്കലില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലാണു സുധാകരന്‍ പരാമര്‍ശം നടത്തിയത്. അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരേ മാനനഷ്ടക്കേസ് നല്‍കാനാണ് തീരുമാനം. കോടതിവിധി സംബന്ധിച്ച് അജ്ഞത നിറഞ്ഞ ബാലിശവും അടിസ്ഥാനരഹിതവുമായ പരാമര്‍ശം നടത്താന്‍ കെ. സുധാകരനു മാത്രമേ കഴിയൂവെന്നും സി.കെ. ശ്രീധരന്‍ പറഞ്ഞു.
ബി.ജെ.പി.- ആര്‍.എസ്.എസ്. വര്‍ഗീയതയോട് സന്ധി ചെയ്യുന്ന കെ. സുധാകരന്റെയും കോണ്‍ഗ്രസിന്റെയും നയത്തില്‍ പ്രതിഷേധിച്ചാണ് താന്‍ കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്ന് മുന്‍ കെ.പി.സി.സി. ഉപാധ്യക്ഷനായ ശ്രീധരന്‍ വ്യക്തമാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →