ദോഹ: ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരിലൊരാള്‍ അവസാന ലോകകപ്പിന് ബൂട്ട് കെട്ടുന്നു. ഗ്രൂപ്പ് സി-യിലെ ആദ്യ മത്സരത്തില്‍ മെസ്സിയുടെ അര്‍ജന്റീന വന്‍പ്രതീക്ഷയുമായി വരുന്ന സൗദി അറേബ്യയുമായി ഏറ്റുമുട്ടും. എണ്‍പതിനായിരം പേര്‍ക്കിരിക്കാവുന്ന ലുസൈല്‍ സ്റ്റേഡിയം മിഴി തുറക്കുന്ന മത്സരം കൂടിയാവും ഇത്. നേരിയ പരിക്കുള്ള മെസ്സി 90 മിനിറ്റും കളത്തിലുണ്ടാവുമോയെന്ന് സംശയമാണ്. കഴിഞ്ഞ ലോകകപ്പില്‍ രണ്ടു ടീമുകളും നിരാശയോടെയാണ് തുടങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ സൗദി മറുപടിയില്ലാത്ത അഞ്ചു ഗോളിന് ആതിഥേയരായ റഷ്യയോട് തകര്‍ന്നു. അര്‍ജന്റീനയെ ഐസ്ലന്റ് 1-1 ന് തളച്ചു.അഞ്ചാമത്തെ ലോകകപ്പ് കളിക്കുന്ന ആദ്യ അര്‍ജന്റീനക്കാരനാവുകയാണ് മെസ്സി. ഡിയേഗൊ മറഡോണക്കും ഹവിയര്‍ മസ്ചെരാനോക്കും പോലും നാലു ലോകകപ്പ് കളിക്കാനേ സാധിച്ചുള്ളൂ.
2006 ല്‍ ടീനേജറായി ലോകകപ്പിനെത്തി ഗോളടിച്ച മെസ്സി ഇതുവരെ 165 കളികളില്‍ 91 ഗോള്‍ അര്‍ജന്റീനക്ക് സംഭാവന ചെയ്തിട്ടുണ്ട്. എന്നല്‍ ലോകകപ്പ് നേടിയിട്ടില്ലെന്നതു പോകട്ടെ നോക്കൗട്ട് ഘട്ടത്തില്‍ ഒരു ഗോള്‍ പോലുമടിച്ചിട്ടില്ല. കഴിഞ്ഞ ലോകകപ്പില്‍ അവര്‍ ഗ്രൂപ്പ് ഘട്ടം കടന്നതു തന്നെ ഭാഗ്യമാണ്. പ്രി ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനു മുന്നില്‍ വീണു.ഇത്തവണ എല്ലാവരും പാസ് നല്‍കുന്ന ഒരു കളിക്കാരനെന്നതിലുപരി മെസ്സി എല്ലാവരെയും കളിപ്പിക്കുന്ന പ്ലേമേക്കറായിരിക്കും.താരതമ്യേന നിറംമങ്ങിയ കഴിഞ്ഞ സീസണിനു ശേഷം മെസ്സി പഴയ പ്രതാപത്തോട് അടുക്കുകയാണ്. ലോകകപ്പ് ഉദ്ദേശിച്ചാവണം ഈ സീസണ്‍ തുടങ്ങും മുമ്പ് പി.എസ്.ജിയില്‍ മെസ്സി നേരത്തെ റിപ്പോര്‍ട്ട് ചെയ്തു. 18 കളികളില്‍ 26 ഗോളുകളില്‍ നേരിട്ട് പങ്കാളിയായി.
1993 നു ശേഷം ആദ്യമായി കോപ അമേരിക്ക നേടിയാണ് അര്‍ജന്റീന ലോകകപ്പിന് വരുന്നത്. 2018 ലേതിനെ അപേക്ഷിച്ച് മികച്ച ടീമാണ് അവരുടേത്. കഴിഞ്ഞ ലോകകപ്പില്‍ കളിച്ച എയിംഗല്‍ ഡി മരിയ ഉള്‍പ്പെടെ കളിക്കാര്‍ ഇപ്പോഴുമുണ്ട്. സെന്‍ട്രല്‍ ഡിഫന്‍സില്‍ ക്രിസ്റ്റ്യന്‍ റോമിറോയും മധ്യനിരയില്‍ ലിയാന്ദ്രൊ പരേദേസ്, റോഡ്രിഗൊ ദെ പോള്‍, മുന്‍നിരയില്‍ ലൗതാരൊ മാര്‍ടിനേസ് തുടങ്ങിയ കളിക്കാര്‍ പുതുതായി വന്നു. ഇരുപത്തഞ്ചുകാരനായ മാര്‍ടിനേസ് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മെസ്സിയെ പോലെ ഏഴ് ഗോളടിച്ചിട്ടുണ്ട്. ഗോളടിക്കാന്‍ മെസ്സിക്കു മേലുള്ള സമ്മര്‍ദ്ദം ഒരുപാട് കുറക്കാന്‍ പരേദേസിന് സാധിക്കുന്നു. അര്‍ജന്റീന ഫൈനല്‍ വരെ മുന്നേറുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരം കളിച്ച ലോതര്‍ മത്തായൂസിന്റെ റെക്കോര്‍ഡ് മെസ്സിക്ക് തകര്‍ക്കാനാവും.2019ലെ കോപ അമേരിക്കയില്‍ ബ്രസീലിനോടാണ് അര്‍ജന്റീന അവസാനമായി തോറ്റത്. പിന്നീട് 36 മത്സരങ്ങള്‍ കളിച്ചു. അജയ്യരായി യോഗ്യതാ റൗണ്ട് പൂര്‍ത്തിയാക്കി. അവസാന അഞ്ചു മത്സരങ്ങളും ജയിച്ചു. അവസാന സന്നാഹ മത്സരത്തില്‍ യു.എ.ഇയെ 5-0 ന് തകര്‍ത്തു.