തിരുവനന്തപുരം: വ്യാജ കത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ചില പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തനിക്കെതിരായി വാര്‍ത്ത നല്‍കിയതിന്റെ നിജസ്ഥിതി കണ്ടെത്താന്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. പോലീസ് മേധാവിക്ക് പരാതി നല്‍കി.
വ്യാജകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. അടിസ്ഥാന രഹിതമായ വാര്‍ത്ത വന്നതിന് പിന്നാലെ അത് നിഷേധിച്ച് താന്‍ പ്രസ്താവന ഇറക്കിയെങ്കിലും ആ കത്ത് സംബന്ധിച്ച വാര്‍ത്ത പിന്‍വലിക്കാതെ അന്നേ ദിവസം മുഴുവനും ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്തു. തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. വ്യാജരേഖ ചമയ്ക്കാനും പ്രചരിപ്പിക്കാനും കൂട്ടുനില്‍ക്കുന്നതിലൂടെ ഇതില്‍ പങ്കാളികളായയവര്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുശാസിക്കുന്ന ഐ.പി.സി. 465,469,471 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതായി പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടതായും ഡി.ജി.പിക്കു നല്‍കിയ പരാതിയില്‍ സുധാകരന്‍ പറയുന്നു



